FootballFIFA World Cup 2018Sports

‘യുവതുർക്കികൾ’ റഷ്യയിൽ

ലിയോ രാധാകൃഷ്ണൻ

പല ഇതിഹാസതാരങ്ങളും ചെറുപ്പത്തിൽ തന്നെ ലോകകപ്പിൽ വരവറിയിച്ചവരാണ്. ഓരോ ലോകകപ്പിലും അത്തരത്തിലുള്ള യുവപ്രതിഭകളെ കാണാനും കഴിയുന്നു. ഈ ലോകകപ്പും കാത്തിരിക്കുകയാണ് വീറുറ്‍റ യുവപോരാളികൾക്കായി. വ്യക്തിഗത പ്രകടനമികവിലൂടെ തന്നെ ഒരുപിടി യുവതാരങ്ങൾ ഈ ലോകകപ്പിന്‍റെ ആവേശമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അവരിൽ ചിലരിലൂടെ:-

കീലിയൻ എംബാപെ, ഫ്രാൻസ്
ഫ്രഞ്ച് ആക്രമണനിരയിലെ പ്രധാനിയായ 19 കാരൻ കീലിയൻ എംബാപെയാണ് യുവനിരയിലെ മുമ്പൻ. ഫ്രഞ്ച് സീനിയർ ടീമിലംഗമാകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന് തിയറി ഓൺറിയുടെ റെക്കോ‍ഡ് 2015ൽതന്നെ എംബാപെ തകർത്തിരുന്നു. ഇന്ന് ഒരു മുതിർന്ന താരത്തിന്‍റെ തഴക്കവും പഴക്കവും കൈമുതലാക്കിയ എംബാപെയുടെ സ്കോറിംഗ് മികവും അതിശയിപ്പിക്കുന്ന വേഗവും ഫ്രഞ്ച് മുന്നേറ്റത്തിന്‍റെ മൂർച്ച കൂട്ടുന്നു. 2017-18 സീസണിൽ ക്ലബ് ഫുട്ബോളിൽ 44 മത്സരങ്ങളിൽ 21 ഗോളും ഈ വർഷം കളിച്ച അഞ്ച് അന്താരാഷ്ട്ര മത്സരങ്ങളിൽ മൂന്ന് ഗോളും സമ്പാദ്യം.

മാർക്കസ് റാഷ്ഫോർ‍ഡ്, ഇംഗ്ലണ്ട്
ഇംഗ്ലണ്ടിന്‍റേയും മാഞ്ചസ്റ്റർ യുണൈറ്റ‍‍ഡിന്‍റേയും മുന്നേറ്റ നിരക്കാരനാണ് 20 കാരൻ മാർക്കസ് റാഷ്ഫോർ‍ഡ്. ഇംഗ്ലീഷ് യുവനിരയിലെ പ്രധാനിയും റാഷ്ഫോർഡ് തന്നെ. 2016 മേയിൽ ഓസ്ട്രേലിയയെ 2-1ന് ഇംഗ്ലണ്ട് തോൽപ്പിച്ചപ്പോൾ വിജയഗോൾ റാഷ്ഫോർഡിന്‍റെ വകയായിരുന്നു. അന്ന് അരങ്ങേറ്റ മത്സരത്തിൽ ഗോൾനേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇംഗ്ലണ്ട് താരമെന്ന റെക്കോ‍ഡ് മാർക്കസ് റാഷ്ഫോർ‍ഡ് സ്വന്തമാക്കി. മാഞ്ചസ്റ്റർ യുണൈറ്റ‍ഡിനുവേണ്ടി ഈ സീസണിൽ 52 മത്സരങ്ങളിൽ 13 ഗോൾ സ്കോർ ചെയ്തു. ഈ വർഷം കളിച്ച നാല് അന്താരാഷ്ട്ര മത്സരങ്ങളിൽ ഒരു ഗോളും നേടി.

ഓസ്‍മെൻ ‍ഡെംബെലെ, ഫ്രാൻസ്
ഫ്രഞ്ച് ദേശീയ ടീമിന്‍റേയും സ്പാനിഷ് ക്ലബ് ബാഴ്സലോണയുടേയും മുന്നേറ്റനിരയിലെ സാന്നിധ്യമാണ് 21 കാരൻ ഓസ്മെൻ ഡെംബെലെ. ലോകത്തെ തന്നെ യുവനിരയിലെ പ്രധാനിയാണ് താനെന്ന് ഇതിനകം തെളിയിച്ച ഡെംബെലെ, ഇറ്റലിയുമായി ഈ മാസം ഒന്നിന് നടന്ന സന്നാഹ മത്സരത്തിൽ ഗോൾ നേടുകയും ചെയ്തു. മത്സരത്തിൽ ഫ്രാൻസ് 3-1ന്‍റെ തകർപ്പൻ ജയമാണ് നേടിയത്. ബാഴ്സലോണയ്ക്കുവേണ്ടി ഈ സീസണിലെ 17 മത്സരത്തിൽ മൂന്ന് ഗോളും ഡെബെലേയുടെ ബൂട്ടിൽ നിന്ന് പിറന്നു.

ഗബ്രിയേൽ ജീസസ്, ബ്രസീൽ
പ്രീമിയർ ലീഗ് ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിക്കുവേണ്ടി ഇക്കഴിഞ്ഞ സീസണിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത ബ്രസീലിയൻ സ്ട്രൈക്കർ ഗബ്രിയേൽ ജീസസ് ഉറപ്പായും ലോകകപ്പിൽ തിളക്കമാർന്ന പ്രകടനം കാഴ്ചവയ്ക്കുമെന്നാണ് വിലയിരുത്തൽ. ലഭിച്ച അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്ന പ്രകടനമാണ് ഈ 21 കാരൻ ഫോർവേ‍ഡിൽ നിന്നും ഉണ്ടാവുന്നത്. പ്രീമിയർ ലീഗിൽ 2017-18 സീസണിൽ 53 മത്സരങ്ങളിൽ 24 ഗോളും ഈ വർഷം കളിച്ച നാല് അന്താരാഷ്ട്ര മത്സരങ്ങളിൽ രണ്ട് ഗോളും ഗബ്രിയേൽ ജീസസ് നേടി.

മാർക്കോ അസെൻസിയോ, സ്പെയിൻ
സ്പെയിൻ, റയൽ മാ‍ഡ്രിഡ് ടീമുകളുടെ അറ്റാക്കിംഗ് മിഡ്ഫീഡ്ഫീൽഡറാണ് 22 കാരനായ മാർക്കോ അസെൻസിയോ. സ്പെയിനിനും വേണ്ടി അണ്ടർ 19 യൂറോപ്യൻ കിരീടം നേടിയ അസെൻസിയോ, രണ്ട് ചാമ്പ്യൻസ് ലീഗ് കിരീടം, ഒരു ലാലിഗ ചാമ്പ്യൻപട്ടം, രണ്ട് ഫിഫ ക്ലബ് ലോകകപ്പുകൾ, രണ്ട് യുവേഫ സൂപ്പർ കപ്പുകൾ എന്നിവ നേടിയ റയൽ മാഡ്രിഡ് ടീമിലും അംഗമായി. ഈ സീസണിൽ റയലിനുവേണ്ടി 53 മത്സരത്തിൽ നിന്നും 11 ഗോൾനേടി. 10 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച അസെൻസിയോയുടെ ആദ്യ പ്രധാന ടൂർണമെന്‍റാണിത്.

അലക്സാണ്ടർ ഗൊളോവിൻ, റഷ്യ
സി.എസ്.കെ.എ മോസ്കോയുടേയും റഷ്യൻ ദേശീയ ടീമിന്‍റേയും സെന്‍ട്രൽ മിഡ്ഫീൽഡറാണ് 22 കാരനായ അലക്സാണ്ടർ ഗൊളോവിൻ. ദേശീയ ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ താരവും ഗൊളോവിൻ തന്നെ. സെർബിയൻ നഗരമായ കാൾട്ടണിലാണ് അലക്സാണ്ടർ ഗൊളോവിൻ ജനിച്ചുവളർന്നത്. നിലവാരമുള്ള ഫുട്ബോൾ കോർട്ടുകളുടെ അഭാവത്തെ തുടർന്ന് ഫുട്സാലിലൂടെയാണ് കളിയടവുകൾ തേച്ചുമിനുക്കിയത്. കളത്തിലെ ഗൊളോവിന്‍റെ നീക്കങ്ങളിൽ ഇത് കാണാനും കഴിയും.

ഹിർവിംഗ് ലൊസാനൊ, മെക്സിക്കോ
പി.എസ്.വി എയ്ന്തോവന്‍റേയും മെക്സിക്കൻ ദേശീയ ടീമിന്‍റേയും വിംഗറാണ് 22 കാരനായ ഹിർവിംഗ് ലൊസാനൊ. വേഗതയ്ക്ക് പേരുകേട്ട ലൊസാനോ മെക്സിക്കൻ സീനിയർ ഡിവിഷൻ അരങ്ങേറ്റ മത്സരത്തിൽ അഞ്ചാം മിനിറ്റിൽ തന്നെ ഗോൾ നേടി വരവറിയിച്ചു. ആക്രമിച്ച് കളിക്കുന്ന ലൊസാനോയ്ക്ക് ഈ ലോകകകപ്പിൽ തിളങ്ങാൻ കഴിയുമെന്നാണ് വിലയിരുത്തൽ.

ഡേവിൻസൺ സാഞ്ചസ്, കൊളംബിയ
കൊളംബിയൻ ദേശീയ ടീമിന്‍റേയും പ്രീമിയർ ലീഗ് ടീമായ ടോട്ടനം ഹോട്സ്പറിന്‍റേയും സെന്‍റർ ബാക്കാണ് 21 കാരനായ ഡേവിൻസൺ സാഞ്ചസ്. സമ്മർദ്ദ സന്ദർഭങ്ങളെ അനായാസവും അതീവശ്രദ്ധയോടെയും ശാന്തനായും നേരിടുന്നു എന്നതാണ് ഡേവിൻസൺ സാഞ്ചസിന്‍റെ പ്രത്യേകത. പ്രീമിയർ ലീഗിൽ ശ്രദ്ധേയമായ അരങ്ങേറ്റം കുറിച്ച സാഞ്ചസ് ലോകകപ്പിൽ ചലനം സൃഷ്ടിക്കാൻ കഴിവുള്ള താരമാണ്.

ക്രിസ്റ്റ്യൻ പാവോൺ, അർ‍ജന്‍റീന
22കാരനായ ക്രിസ്റ്റ്യൻ പാവോണിനെ 2017ലാണ് അർജന്‍റീന സീനിയർ ടീമിലേക്ക് തെരഞ്ഞടുത്തത്. റഷ്യയ്ക്കെതിരായ സൗഹൃദ മത്സരത്തിൽ ശ്രദ്ധേയ അരങ്ങേറ്റം കുറിച്ച പാവോൺ ദേശീയ ടീമിന്‍റേയും ബോക്കാ ജൂനിയേഴ്സിന്‍റേയും മുന്നേറ്റനിരയിലാണ് കളിക്കുന്നത്. പാവോൺ അംഗമായ ബോക്കാ ജൂനിയേഴ്സ് തുടർച്ചയായി രണ്ട് തവണ ലീഗ് ചാമ്പ്യൻമാരായി.

100 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close