മോസ്കോ: ലോകകപ്പ് ഫുട്ബോളിന്‍റെ ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ റഷ്യ, സൗദി അറേബ്യയെ നേരിടും. ഇന്ന് രാത്രി 8.30നാണ് മത്സരം.
എക്സ്‍ട്രാടൈം ഗോളിലൂടെ മരിയോ ഗോഡ്സെ ജർമ്മനിക്ക് നാലാം ലോക കിരീടം സമ്മാനിച്ചിട്ട് 1432ദിവസം പിന്നിടുമ്പോൾ അടുത്ത ഫുട്ബോൾ മാമാങ്കത്തിന് ഇന്ന് മോസ്കോയുടെ മണ്ണിൽ തുടക്കമാവുന്നു.
ഏറ്റുമുട്ടുന്നത് ആതിഥേയരായ റഷ്യയും, അറേബ്യൻ കരുത്തരായ സൗദ അറേബ്യയും. ഇരു കൂട്ടർക്കും ഫുട്ബോളിന്‍റെ ലോക കാൻവാസിൽ തെളിയിക്കാൻ ഏറെയുണ്ട്. ആതിഥേയരായി ലോകകപ്പിന് യോഗ്യത നേടിയ റഷ്യയയ്‌ക്ക്, ആദ്യം വ്യക്തമാക്കേണ്ടത് തങ്ങളുടെ എന്‍ട്രി അർഹതപ്പെട്ടത് തന്നെയെന്നാണ്. എന്നാൽ അതിനവർക്ക് ആവനാഴിയിലെ അവസാന അസ്ത്രവുമെടുത്ത് പയറ്റേണ്ടിവരും.
ഒടുവിൽ കളിച്ച ഏഴ് മത്സരങ്ങളിൽ ഒന്നിൽ പോലും റഷ്യയ്‌ക്ക് ജയിക്കാനായിട്ടില്ല. 2002ന് ശേഷം ലോകകപ്പ് ഫൈനൽ റൗണ്ടിലെ ഒരു മത്സരത്തിൽ പോലും റഷ്യയ്‌ക്ക് ജയിക്കാനും കഴിഞ്ഞിട്ടില്ല. സൗദിയാകട്ടെ ഒടുവിൽ കളിച്ച മൂന്ന് സൗഹൃദ മത്സരത്തിലും തോറ്റു. എന്നാൽ കരുത്തരായ ജർമ്മനി, പെറു, ഇറ്റലി എന്നീ ടീമുകളായിരുന്നു എതിരാളികൾ.
എന്തായാലും ആദ്യ മത്സരം ആർക്കൊപ്പമാകും എന്നത് കാത്തിരുന്ന് കാണാം.















