Yatra

ഹം‌പി സൂപ്പറാ.. !

ഹരിത എസ് സുന്ദർ

ശിരസ്സ് ഛേദിക്കപ്പെട്ട ശ്രീ കൃഷ്ണനും, സാക്ഷാൽ പരമ ശിവനും.
ഉടലില്ലാത്ത ശ്രീ രാമനും, ലക്ഷ്മണനും, സീതാ ലക്ഷ്മിയും.
കൈയ്യും കാലും നഷ്ടപ്പെട്ട വിനായകനും, ഹനുമാനും, പാർവതിയും, സരസ്വതിയും.

പതിനാലാം നൂറ്റാണ്ടിൽ പ്രൗഢിയോടെ ഭരിച്ചിരുന്ന വിജയനഗര സാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങളാണ് ഇതൊക്കെ. വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനമാണ് “ഹംപി”.

ഇന്നത്തെ കർണാടകയിൽ ബല്ലാരി ജില്ലയിലാണ് ഹംപി. ഹോസ്പേട്ടാണ് അടുത്തുള്ള റെയിൽവേ സ്റ്റേഷൻ. ഏകദേശം നാലായിരത്തി ഒരുനൂറ് ഹെക്ടറുകളിലായി പടർന്ന് കിടക്കുന്നതാണ് “ഹംപി റൂയിൻസ്” .

ഹംപി സന്ദർശിക്കുന്നതിന് മുൻപ് അല്പം ചരിത്രം പഠിച്ചിരിക്കുന്നത് ഗുണം ചെയ്യും. അല്ലെങ്കിൽ കാണുന്നതൊക്കെ കുറെ പാറക്കല്ലുകളായേ തോന്നൂ. ഹംപിയുടെ വായിച്ചറിഞ്ഞ ചരിത്രം ഇവിടെ കുറിക്കുന്നു.

വിജയനഗര സാമ്രാജ്യം

കാകതീയ രാജാവിന്റെ സേനാപതികൾ ആയിരുന്നു ഹക്കയും (ഹരിഹര), ബുക്കയും. തുഗ്ലഗിന്റെ പട കാകതീയ സൈന്യത്തെ യുദ്ധത്തിൽ തോൽപ്പിച്ച്, ഹക്കയെയും ബുക്കയെയും ഡൽഹിയിലെ ജയിലിൽ അടച്ചു. അവിടെ വെച്ചു ആ സഹോദരങ്ങളെ നിർബന്ധിച്ച് ഇസ്ലാം മതം സ്വീകരിപ്പിച്ചു. പക്ഷേ, അവർ ജയിലിൽ നിന്നും രക്ഷപ്പെട്ട് ശൃംഗേരി വിദ്യാരണ്യ സ്വാമിയുടെ അടുക്കലെത്തി വീണ്ടും ഹിന്ദു മതം സ്വീകരിച്ചു.

മുഗളന്മാരെ തോൽപ്പിക്കാൻ, യുദ്ധസജ്ജമായ, പടക്കോപ്പുകളും, സൈനികരും, ആനകളും, കുതിരകളും ഒക്കെയുള്ള ശക്തമായ സാമ്രാജ്യം പടുത്തുയർത്താനുള്ള ഉപദേശവും സ്വീകരിച്ചാണ് ഹക്കയും, ബുക്കയും സ്വാമിയ്ക്കരികെ നിന്നും മടങ്ങിയത്.
വളരെ സന്തോഷത്തോടെ ജനങ്ങൾ താമസിച്ചിരുന്ന ചെറിയ രാജ്യമായിരുന്നു കാമ്പിലി. അവിടേക്ക് തുഗ്ലഗ് സേന എത്തുകയും, ക്രൂരമായ യുദ്ധ മുറകളിലൂടെ അവരെ തോൽപ്പിക്കുകയും ചെയ്തു. ഭയന്ന അവിടുത്തെ സ്ത്രീകൾ കൂട്ടമായി ആത്മഹത്യ ചെയ്തു. അതേ കാമ്പിലിയുടെ അവശിഷ്ടങ്ങൾക്ക് മുകളിൽ തന്നെയാണ് പിന്നീട് വിജയനഗര സാമ്രാജ്യം പടുത്തുയർത്തിയത്.

അമ്പലങ്ങൾ , കുളങ്ങൾ, മനോഹരമായ കൊത്തുപണികൾ, കൊട്ടാരങ്ങൾ, സദസ്സുകൾ, മണ്ഡപങ്ങൾ, വ്യാപാര സ്ഥലങ്ങൾ .. അത്രയ്ക്കും സുന്ദരമാണ് വിജയനഗരം. ഈ സാമ്രാജ്യം നാല് രാജവംശക്കാരാണ് ഭരിച്ചിരുന്നത്.

1.സംഗമ രാജവംശം
2.സാൽവ രാജവംശം
3.തുളുവ രാജവംശം
4.അരവിടു രാജവംശം

സംഗമ രാജവംശത്തിലെ, ഹക്കയും, ബുക്കയും, ദേവരായന്മാരുമൊക്കെ രാജ്യം ഭരിച്ചു. മുഗൾ അധീനതയിലുള്ള ബാഹ്മനി സുൽത്താന്മാരെ യുദ്ധ തന്ത്രങ്ങൾ കൊണ്ട് ഭിന്നിപ്പിച്ചു നിർത്തി. രാജ്യങ്ങൾ പിടിച്ചടക്കി സാമ്രാജ്യത്തിന്റെ വലിപ്പം കൂട്ടി. മുഗളന്മാരെ എതിർത്ത് നിന്ന് കൊണ്ട് രാജ്യ സുരക്ഷ ഏറ്റെടുത്തു.

ശേഷം വന്ന സാൽവ രാജവംശവും ഇത് തന്നെ തുടർന്നു. പ്രജകളുടെ ക്ഷേമത്തിന് മുൻതൂക്കം കൊടുത്തു കൊണ്ട് ഭരണം തുടർന്നു. ദീർഘ വീക്ഷണമില്ലാതെ രാജ്യം ഭരണം അധികം മുന്നോട്ട് കൊണ്ടുപോകാൻ കഴിയാതെ ആയപ്പോൾ സാൽവ രാജവംശവും പിന്മാറി.

തുടർന്ന് വിജയനഗരം ഭരിച്ചത് തുളുവ രാജവംശമാണ്. ഈ വംശത്തിലെ ശൗര്യമുള്ള രാജാവായിരുന്നു കൃഷ്ണ ദേവരായർ. സ്ത്രീകൾക്ക് സുരക്ഷ ഏർപ്പെടുത്തി, ജനങ്ങളിൽ നിന്നും ചെറിയ നികുതി മാത്രം പിരിച്ചു, വികസന പ്രവർത്തങ്ങൾ കൊണ്ടുവന്നു, കലയ്ക്കും, സാഹിത്യത്തിനും പ്രാധാന്യം നൽകി, എല്ലാ വിശ്വാസങ്ങളെയും, മതങ്ങളെയും ബഹുമാനിച്ചു. ഇതിനൊക്കെ അപ്പുറം ശത്രു സൈന്യത്തെ കിടുകിടാ വിറപ്പിക്കാനുള്ള ശക്തി ആർജ്ജിച്ചു. ശത്രുവിനെ തോൽപ്പിക്കാൻ, ശത്രുവിന്റെ ശത്രുവിനെ മിത്രമാക്കിയുള്ള തന്ത്രങ്ങൾ പയറ്റി. തന്ത്രം മെനയാൻ തെന്നാലി രാമനെ കൂടെ നിർത്തി.

കൃഷ്ണ ദേവരായാരുടെ വ്യായാമ മുറകൾ പ്രശസ്തമാണ്. കുറച്ച് എണ്ണ ആദ്യം കുടിക്കും, പിന്നെ ശരീരം മുഴുവൻ തേച്ചു പിടിപ്പിക്കും, വിയർത്തു എണ്ണ ഒഴുകി പോകുന്ന വരെ വ്യായാമം. ശേഷം കുതിര സവാരിയും, കുളിയും. പിന്നീട് ഭഗവാനെ ദർശനം ചെയ്തിട്ട് മാത്രാമാണ് ഒരു ദിവസത്തെ രാജ്യ കാര്യങ്ങൾ തുടങ്ങുന്നത്.

ഭരണം തുടർന്ന് അധികനാൾ ആവുന്നതിനു മുൻപേ ദേവരായർ, ബിജാപുർ സുൽത്താനുമായി യുദ്ധം ചെയ്തു. ബിജാപുർ സുൽത്താനായ യൂസഫ് ആദിൽ ഖാനെ യുദ്ധത്തിൽ കൊലപ്പെടുത്തി. യുദ്ധത്തിൽ വിജയനഗരം ജയിച്ചു. മുസ്ലിം അധിനിവേശത്തെ തോൽപ്പിക്കാൻ കെൽപ്പുള്ളതാണ് വിജയനഗര സാമ്രാജ്യം എന്ന താക്കീതായിരുന്നു ആ യുദ്ധം. തന്റെ സൈന്യം ഭയന്ന് പിന്മാറിയപ്പോൾ, ഉശിരോടെ മുന്നോട്ട് പോയി ബിജാപുർ സൈന്യത്തെ തോൽപ്പിച്ചു റായ്ച്ചൂർ സ്വന്തമാക്കി. ഒരു ചതിക്കും കൃഷ്ണദേവരായരെ തോൽപിക്കാൻ സാധിച്ചിരുന്നില്ല .

1529 ൽ കൃഷ്ണ ദേവരായർ അന്തരിച്ചു. ശേഷം അച്യുത ദേവരായരും, സദാശിവ ദേവരായാരുമൊക്കെ രാജ്യം ഭരിച്ചു. വിജയനഗരത്തെ തോൽപ്പിക്കാൻ കാത്തു നിന്നവർക്കുള്ള അവസരമായിരുന്നു ആ കാലഘട്ടം. ഭിന്നിച്ചു നിന്ന ഡെക്കാൻ സുൽത്താന്മാർ ഒന്നിച്ചു ചേർന്ന് വിജയനഗരത്തെ യുദ്ധം ചെയ്തു നശിപ്പിച്ചു.

പിന്നീട് അരവിടു രാജവംശം വിജയനഗരം ഭരിച്ചെങ്കിലും, വിജയനഗരത്തെ പഴയ പ്രൗഡിയിലെത്തിക്കാൻ സാധിച്ചില്ല. അങ്ങനെ വിജയനഗരം സാമ്രാജ്യം പൂർണ്ണമായും നശിച്ചു.

ഒരിക്കലെങ്കിലും ഹംപി സന്ദർശിക്കണം. ചിതറി കിടക്കുന്ന അവശിഷ്ടങ്ങളിൽ നിന്ന് പോരാട്ടത്തിന്റെ കഥ അറിയണം. കൊത്തിവെച്ച ചിത്രങ്ങളിലൂടെ പൂർവ്വികരെ അറിയണം. പൊട്ടിയ വിഗ്രഹങ്ങളിൽ നിന്നും സുൽത്താന്മാരുടെ ക്രൂരതകൾ അറിയണം. അവിടെ നടന്ന്, കണ്ട് മടങ്ങുമ്പോൾ ഉള്ളിൽ അഭിമാനത്തിന്റെ കനൽ കത്തി ജ്വലിക്കും.

സന്ദർശിക്കേണ്ട സ്ഥലങ്ങൾ

ആഞ്ജനാദ്രി മല

വിരുപാക്ഷ അമ്പലത്തിനു പുറകിലായുള്ള തുംഗഭദ്ര നദി മുറിച്ചു കടന്നാൽ ഹിപ്പി ഐലൻഡ് എത്തും. ഒരാൾക്ക് 20 രൂപയാണ് ബോട്ട് ചാർജ്. ഹിപ്പി ഐലൻഡിൽ നിന്നും നാല് കിലോമീറ്റർ ദൂരത്താണ് ആഞ്ജനാദ്രി മല. രാമായണത്തിൽ പരാമർശിച്ചിട്ടുള്ള കിഷ്കിന്ദ ഹംപിയിൽ ആണുള്ളത്. അഞ്ഞൂറ്റി എഴുപത് പടവുകൾ കയറി വേണം മുകളിലെത്താൻ. അവിടെ ചെറിയ അമ്പലത്തിൽ ഹനുമാൻ പ്രതിഷ്ഠ കാണാം. സൂര്യോദയവും, സൂര്യാസ്തമയും കാണാൻ വിദേശികളുടെ തിരക്കാണ്. സൂര്യോദയം കാണാൻ തലേന്ന് തന്നെ മുകളിൽ എത്തുന്നവരും ഉണ്ട്. മുകളിൽ നിന്നുള്ള ഹംപിയിലെ കാഴ്ച മനോഹരമാണ്.

വിരുപാക്ഷ ക്ഷേത്രം

വിക്രമാദിത്യൻ രണ്ടാമന്റെ ഭാര്യയാണ് ലോകമഹാദേവി. പല്ലവന്മാരോടുള്ള യുദ്ധത്തിൽ ജയിച്ചു വന്ന ഭർത്താവിന്റെ സ്മരണാർഥം ഏഴാം നൂറ്റാണ്ടിൽ പണി കഴിപ്പിച്ചതാണ് ഈ ക്ഷേത്രം. സാക്ഷാൽ ശിവനാണ് ഇവിടുത്തെ പ്രതിഷ്ഠ. ദ്രാവിഡീയൻ ശില്പകല പ്രകാരമാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. ശിവനെ വിവാഹം ചെയ്ത പാർവതി ദേവി തപസ്സ് ചെയ്തിടത്താണ് വിരുപാക്ഷ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത് എന്നാണ് വിശ്വാസം. അത് കൊണ്ട് തന്നെ “പമ്പ ദേവിയുടെ ഭർത്താവ് – പമ്പാപതി” എന്ന പേരിലും ഈ ക്ഷേത്രം അറിയപ്പെടുന്നു.

ലോകമഹാദേവി ഈ ക്ഷേത്രം ചെറിയ രീതിയിൽ ആണ് നിർമ്മിച്ചിരുന്നത്. പിന്നീട് കൃഷ്ണ ദേവരായരുടെ ഭരണകാലത്താണ് ക്ഷേത്രം പുനർനിർമ്മിച്ച് വിപുലീകരിച്ചത്. രാമായണത്തിലെയും, മഹാഭാരതത്തിലെയും, ഭഗവത് ഗീതയിലേയുമൊക്കെ കഥകൾ ക്ഷേത്ര ചുവരുകളിൽ കൊത്തി വെച്ചിട്ടുണ്ട്. പമ്പാദേവിയെ സുന്ദരിയായി അലങ്കരിച്ച പ്രതിഷ്ടയും ഇവിടെയുണ്ട്. ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരത്തിൽ ഒൻപത് നിലകളാണ് ഉള്ളത്. വിവിധ പരിപാടികൾ നടത്തുന്നതിനായി ധാരാളം മണ്ഡപങ്ങളുമുണ്ട്.

പമ്പാ ദേവിയുടെയും , ശിവന്റെയും കല്യാണം എന്ന നിലയിൽ ഡിസംബറിൽ ഇവിടെ ആഘോഷങ്ങളുണ്ട്. ഫെബ്രുവരി മാസത്തിൽ രഥോത്സവവും. നഗരവാസികൾ ഒന്ന് ചേർന്ന് രഥം വലിക്കുന്ന ആഘോഷം കാണാൻ വിദേശികളും എത്താറുണ്ട്.

വിത്തല ക്ഷേത്രം

ഹംപിയിൽ നിന്നും എട്ട് കിലോമീറ്റർ സഞ്ചരിച്ചാൽ ക്ഷേത്ര കവാടം എത്തും. അവിടെ നിന്ന് ക്ഷേത്രത്തിൽ എത്താൻ   ബസ്സിലോ, ഇലക്ട്രിക്ക് കാറിലോ സഞ്ചരിക്കാം. ഹംപിയിലെ വിശാലവും, മനോഹരവുമായ ക്ഷേത്രമാണ് ഇത്. ഭഗവൻ വിഷ്ണുവാണ് പ്രതിഷ്ഠ. വാസ്തുകലയുടെ മിടുമിടുക്ക് എല്ലാ അർഥത്തിലും കാണാൻ കഴിയും. രണ്ടു ആനകൾ രഥം വലിക്കുന്ന രീതിയിൽ കല്ല് കൊണ്ട് നിർമ്മിച്ച രഥമാണ് കവാടം കഴിഞ്ഞതും കാണാൻ കഴിയുക. 10 അടി വലിപ്പമുള്ള ഒട്ടേറെ തൂണുകൾ കല്ല് കൊണ്ട് നിർമ്മിച്ചിട്ടുണ്ട്.

സംഗീതത്തിന് പ്രാധാന്യം നൽകി രംഗമണ്ഡപത്തിലെ മ്യൂസിക്കൽ പില്ലറുകൾ ആകര്ഷണീയമാണ്. 56 മ്യൂസിക്കൽ പില്ലറുകൾ ആണുള്ളത്. ഓരോന്നിന് ചുറ്റിലും 7 ചെറിയ തൂണുകൾ ഉണ്ട്. അവ സപ്തസ്വരങ്ങളെ സൂചിപ്പിക്കുന്നതാണ്. പതിനഞ്ചാം നൂറ്റാണ്ടിൽ ദേവരായർ ആണ് ക്ഷേത്രം നിർമ്മിച്ചതെങ്കിലും, അത് ഇന്നത്തെ നിലയിലേക്ക് മാറ്റിയത് കൃഷ്ണ ദേവരായർ ആണ്. ഹിരണ്യകശിപുവിനെ മടിയിൽ വെച്ച് നരസിംഹമൂർത്തി കൊലപ്പെടുത്തുന്ന ചിത്രവും, അരികെ പ്രഹ്ലാദൻ പ്രാർഥിച്ചിരിക്കുന്ന ചിത്രവും ഭംഗിയായി കൊത്തി വെച്ചിട്ടുണ്ട്. കല്യാണ മണ്ഡപവും ഇവിടെ നിർമ്മിച്ചിട്ടുണ്ട്. കല്ലുകൊണ്ടുള്ള ഈ ക്ഷേത്രം ജീവിതത്തിൽ ഒരിക്കലെങ്കിലും കാണേണ്ടതു തന്നെയാണ്.

സെനാന എൻക്ളോഷർ

രാജ കുടുംബത്തിലെ സ്ത്രീകൾക്കും, രാജ്ഞിക്കും വേണ്ടി പണികഴിപ്പിച്ചതാണ് ഈ മന്ദിരം. ആദ്യം ചുറ്റിലുമായി നാല് കാവൽ ഗോപുരങ്ങൾ പണി കഴിപ്പിച്ചിരുന്നു. ഇപ്പോൾ മൂന്നെണ്ണം മാത്രമേ ഉള്ളൂ. ഗോപുരങ്ങൾക്കു മുകളിൽ എത്താനുള്ള പടികളും നിർമ്മിച്ചിട്ടുണ്ട്.

“ഇത് സുരക്ഷിത ഇടമാണ്, സ്ത്രീകളുടെ സ്വകാര്യ ഇടമാണ്” എന്നതിന്റെ അടയാളമായിരുന്നു ഈ കാവൽ ഗോപുരങ്ങൾ . രാജാവിന് മാത്രമാണ് ഇതിനകത്തു പ്രവേശനമുള്ളത്. മറ്റു പുരുഷന്മാർക്ക് പ്രവേശനം വിലക്കിയിരുന്നു. രാജ്ഞിയുടെ കൊട്ടാരവും, കുളക്കടവും എല്ലാം ഇതിനകത്താണ്.

കമൽ മഹൽ

ഹംപിയിലെ സെനാന എൻക്ളോഷറിനകത്താണ് ലോട്ടസ് മഹൽ സ്ഥിതി ചെയ്യുന്നത്. ചിത്രാംഗിനി മഹൽ എന്നും അറിയപ്പെടുന്നുണ്ട്. വിടർന്ന താമരയുടെ ആകൃതിയിലാണ് ഈ സൗധം നിർമ്മിച്ചിട്ടുള്ളത്. രണ്ടു നിലകളായാണ് പണി കഴിപ്പിച്ചിട്ടുള്ളത്. രാജ കുടുംബത്തിൽ പെട്ട സ്ത്രീകൾക്ക് ഒത്തു ചേരാനുള്ള ഇടമെന്ന നിലയിലാണ് ഈ മഹൽ നിർമ്മിച്ചിട്ടുള്ളത്. രാജാവ് തന്റെ മന്ത്രിമാരുമായുള്ള ചർച്ചകൾ ഇവിടെ നടത്തിയതായും പറയപ്പെടുന്നു. കൃഷ്ണ ദേവരായരുടെ രാജ്ഞിക്ക് ഏറ്റവും പ്രിയപ്പെട്ട ഇടമായിരുന്നു കമൽ മഹൽ. ഏറെ സമയം ഇവിടെ ചിലവിട്ടിരുന്നു, കൂടാതെ സംഗീത കച്ചേരികളും നടത്തിയിരുന്നു.

ഇത്രയും കാലങ്ങൾക്കിപ്പുറവും, ഒരു കേടുപാടും സംഭവിക്കാതെ കമൽ മഹൽ ഇപ്പോഴും തലയുയർത്തി നിൽക്കുന്നു..

സെനാന എൻക്ളോഷറിനകത്തു കൂടിയാണ് എലിഫന്റ് സ്റ്റേബിൾ ലേക്കുള്ള വഴി

എലിഫന്റ് സ്റ്റേബിൾ

വിജയനഗരം സാമ്രാജ്യത്തിൽ ആനകൾക്ക് വലിയ പ്രാധാന്യമുണ്ടായിരുന്നു. രാജകീയ ആനകൾക്കുള്ള താവളമായിരുന്നു എലിഫന്റ് സ്റ്റേബിൾ. പതിനൊന്നു മുറികളാണ് ഉള്ളത്. നടുവിലെ മുറി നല്ല പോലെ അലങ്കരിച്ചിരിക്കുന്നത് കാണാൻ കഴിയും. ആന എഴുന്നള്ളിപ്പ് നടക്കുമ്പോൾ സംഗീതജ്ഞന്മാർക്ക് ഇരിക്കാനുള്ള ഇടമാണ് ഇത്.

താമസവും ഭക്ഷണവും

ഹംപിയിലെ താമസത്തെ കുറിച്ചും, യാത്രയെക്കുറിച്ചും പറയാം. വിരുപാക്ഷ അമ്പലത്തിന് പിറകിലുള്ള നദി കടന്നാൽ ഹിപ്പി ദ്വീപ് എത്തും. അവിടെയാണ് മിക്ക സഞ്ചാരികളും താമസിക്കുന്നത്. ആ സ്ട്രീറ്റിന്റെ ഭാവം കണ്ടാൽ ഇത് ഇന്ത്യ തന്നെ ആണോ എന്ന് തോന്നിപ്പോകും. തട്ടു കടകളിലേയും, ഹോട്ടലുകളിലെയും മെനു വിദേശ ഭാഷകളിൽ എഴുതി വെച്ചിരിക്കുന്നത് കാണാൻ കഴിയും. വിദേശ സഞ്ചാരികളെ കൊണ്ട് നിറഞ്ഞിരിക്കുന്ന വഴികൾ.

സാധാരണ സമയങ്ങളിൽ 300 രൂപ മുതൽ മുറികൾ ലഭിക്കുമെങ്കിലും സീസൺ ആയാൽ അവർക്ക് തോന്നുന്ന വില പറയും. ആ സമയത്തു 4000 രൂപ വരെയാകും. ആളുകൾ  ടെന്റുകളിൽ താമസിക്കാനാണ് താല്പര്യം കാണിക്കുന്നത്. ബാഗുമായി വന്ന് വഴിയരികിൽ ടെന്റ് അടിച്ചു താമസിക്കുന്ന സഞ്ചാരികളും ഉണ്ട്.

“ടുട്ടി ഹോംസ്” എന്ന സ്ഥലത്താണ് ഞങ്ങൾ താമസിച്ചത്. ഒരു ഇറ്റാലിയൻ സ്ത്രീയാണ് ടുട്ടി ഹോംസ് നടത്തുന്നത്. തിരക്കില്ലാത്ത സ്ഥലം, കുറെ പാടങ്ങളുടെ നടുവിലായിട്ടാണ് ഈ സ്ഥലം.. കൂട്ടിന് മൂന്ന് ഇന്ത്യൻ ബ്രീഡ് പട്ടികളുമുണ്ട്. ഇന്ത്യ വല്ലാതെ ഇഷ്ടമായത് കൊണ്ട്, ഇന്ത്യക്കാരനെ കെട്ടി ഇവിടെ സെറ്റിൽ ആയതാണ് പുള്ളിക്കാരി. ഒരുമാതിരി പെട്ട എല്ലാ ഭക്ഷണങ്ങളും ഇവിടെ കിട്ടും. പോകുന്നവരോട് ഇഷ്ടം തോന്നിയാൽ ആ സ്ത്രീ തന്നെ ഉണ്ടാക്കി തരും. ഇവിടെ രണ്ട് ദിവസം താമസിക്കാൻ ഞങ്ങൾക്ക് 3500 രൂപയായി.

ഹംപിയിൽ ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തെത്താൻ അത്യാവശ്യം നല്ല ദൂരമുണ്ട്. സൈക്കിളും, ബൈക്കുമൊക്കെ വാടകയ്ക്ക് കിട്ടും. ഒരു ദിവസം 100 രൂപയാണ് സൈക്കിൾ വാടക. ബൈക്കിന് 350 രൂപയും.

അത്യാവശ്യം കഴിക്കാൻ കൊള്ളാവുന്ന ഭക്ഷണം ഹിപ്പി ദ്വീപിൽ ഉണ്ട്. എനിക്ക് ഇഷ്ടമായത് എഗ്ഗ് ദോശയും, എഗ്ഗ് റൈസുമാണ്.

ഹംപിയിലെ ഓരോ ഇടങ്ങൾക്കും പറയാൻ ഒരുപാട് കഥകളുണ്ട്. അവിടുത്തെ ഓരോ വഴികളിലും ചരിത്രം ഒളിഞ്ഞിരിപ്പുണ്ട്. ഭാരതത്തിന്റെ ചൂരും, ചുവയും അറിയണമെങ്കിൽ ഈ വഴികളിലൂടെയൊക്കെ നടന്നേ തീരൂ. ഓരോ വഴികൾ നടന്നു തീരുമ്പോഴും ഈ രാജ്യത്തിന്റെ മനോഹാരിതയെ നമ്മൾ പ്രണയിച്ചു കൊണ്ടിരിക്കും

സിമ്പിളായി പറഞ്ഞാൽ
“ഹംപി സൂപ്പറാ”…

ഹരിത എസ് സുന്ദർ

അദ്ധ്യാപിക : രചന കോളേജ് ഓഫ് ജേർണലിസം ഹൈദരാബാദ്

900 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close