തിരുവനന്തപുരം: പോലീസ് ഡ്രൈവര്‍ക്ക് എഡിജിപിയുടെ മകളുടെ മര്‍ദ്ദനമേറ്റ സംഭവത്തില്‍ രണ്ട് പരാതികളിലുമായി എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു. മര്‍ദ്ദനമേറ്റ പോലീസ് സ്റ്റാഫ് ഡ്രൈവര്‍ ഗവാസ്കറുടെ പരാതിയില്‍ എഡിജിപിയുടെ മകള്‍ സ്നിഗ്ധക്കെതിരെയും, സ്നിഗ്ധയുടെ പരാതിയില്‍ ഗവാസ്കറിനെതിരെയുമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
എഡിജിപിയുടെ മകള്‍ക്കെതിരെ അസഭ്യം പറഞ്ഞതിനും ഔദ്യോഗിക കൃത്യ നിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനും ആയുധം ഉപയോഗിച്ച് ആക്രമിച്ചതിനുമാണ് കേസ്. ഐപിസി 332,324 294(ബി) വകുപ്പുകള്‍ എഡിജിപിയുടെ മകള്‍ക്കെതിരെ ചുമത്തി.
എഡിജിപിയുടെ മകളുടെ പരാതിയില്‍ ഗവാസ്കറിനെതിരെ ഐപിസി 294(ബി) 354 എന്നീ വകുപ്പുകളും ചുമത്തി. അസഭ്യം പറഞ്ഞെന്നും സ്ത്രീത്വത്തെ അപമാനിക്കുവാന്‍ ശ്രമിച്ചുവെന്നും കാട്ടിയാണ് ഗവാസ്കറിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
അതേ സമയം സ്നിഗ്ധയുടെ പരാതിയില്‍ നല്‍കിയിരിക്കുന്നത് പൊലീസ് മേധാവിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഔദ്യോഗിക പോലീസ് വാഹനത്തിന്റെ നമ്പരാണ്. പരാതി തന്നെ സര്‍ക്കാര്‍ വാഹനം ദുരുപയോഗം ചെയ്തതിന് തെളിവായിരിക്കുകയാണ്. എന്നാല്‍ വിഷയത്തില്‍ നടപടികളൊന്നും ഇതു വരെയും സ്വീകരിച്ചിട്ടില്ല.
ഇരു പരാതികളിലും ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.