വോള്‍ഗോഗ്രാഡ്: ലോകകപ്പ് ഗ്രൂപ്പ് ജിയിലെ രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ടിന് വിജയത്തുടക്കം. ടീം ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ നേടിയ ഇരട്ടഗോളിന്റെ മികവിലാണ് ആഫ്രിക്കന്‍ ശക്തികളായ ടുണീഷ്യയെ ഇംഗ്ലീഷ് പട പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ട് ഗോളിനാണ് ജയം. പതിനൊന്നാം മിനിട്ടിലായിരുന്നു കെയ്നിന്റെ ആദ്യ ഗോള്‍. കോര്‍ണറില്‍ സ്റ്റോന്‍സിന്റെ ഹെഡര്‍ ഗോളി തടുത്തെങ്കിലും കെയ്നിന്റെ ഫോളോ അപ്പ് ഷോട്ടില്‍ ഇംഗ്ലണ്ട് മുന്നിലെത്തി. സേവിനിടെ പരിക്കേറ്റ ടുണീഷ്യന്‍ ഗോളി ഹസന് പുറത്തേക്ക് പോവുകയും ചെയ്തു.
ഇത് മുതലാക്കി ഇംഗ്ലീണ്ട് ടൂണീഷ്യന്‍ ബോക്സിലേക്ക് ഇരച്ച് കയറിയെങ്കിലും ഫിനിഷിംഗില്‍ വരുത്തിയ പിഴവുകള്‍ അവരുടെ രണ്ടാം ഗോള്‍ എന്ന സ്വപ്നത്തെ അകറ്റി. ഇതിനിടെ കെയില്‍ വാള്‍ക്കര്‍ ബോക്സില്‍ നടത്തിയ അനാവശ്യ ഫൗളിന് റഫറി ടുണീഷ്യക്ക് പെനാല്‍റ്റി അനുവദിച്ചു. കിക്കെടുത്ത ഫെര്‍ജാനി സാസിക്ക് പിഴച്ചില്ല. 34ാം മിനിട്ടില്‍ ടുണീഷ്യക്ക് ആദ്യ ഗോള്‍. ഇതോടെ കളി സമനിലയിലായി.
കളി തീരാന്‍ മിനിട്ടുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഇംഗ്ലണ്ടിന്റെ രണ്ടാമത്തെ ഗോള്‍ പിറന്നത്. മത്സരം സമനിലയില്‍ അവസാനിക്കും എന്നു തോന്നിച്ച ഘട്ടത്തില്‍ കളിയുടെ 91ാം മിനിട്ടില്‍ ഹെഡറിലൂടെയാണ് കെയ്ന്‍ വിജയഗോള്‍ നേടിയത്.