തിരുവനന്തപുരം: കെ.ബി.ഗണേഷ് കുമാര്‍ എംഎല്‍എ യുവാവിനെ മര്‍ദിച്ച കേസില്‍ ആരോപണ വിധേയനായ സി.ഐയെ മാറ്റിയത് അച്ചടക്ക നടപടിയുടെ ഭാഗമല്ലെന്ന പോലീസ് വാദം തള്ളി സര്‍ക്കാര്‍. സംഭവത്തിന്റെ ഭാഗമായാണ് സിഐയെ മാറ്റിയതെന്ന് സര്‍ക്കാര്‍ സഭയെ അറിയിച്ചു. അനില്‍ അക്കരയുടെ ഉപക്ഷേപത്തിന് മറുപടിയായാണ് സര്‍ക്കാര്‍ വിശദീകരണം.
അതേസമയം കാര്യമറിയാതെ തന്നെ വിമര്‍ശിക്കുന്നവര്‍ ഇന്ന് ഞാന്‍ നാളെ നീയെന്ന് മനസ്സിലാക്കണമെന്ന്, ബൈബിള്‍ വാചകങ്ങള്‍ ഉദ്ദരിച്ചു കൊണ്ട് ഗണേഷ് കുമാര്‍ പറഞ്ഞു.
എംഎല്‍എമാര്‍ക്ക് എന്തും ചെയ്യാനുള്ള അവകാശം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടോ എന്നായിരുന്നു അനില്‍ അക്കര ഉപക്ഷേപത്തിലൂടെ ആരാഞ്ഞത്. മര്‍ദ്ദനമേറ്റവരെ പ്രതിയാക്കി ഗണേഷ് കുമാര്‍ എംഎല്‍എയെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.
ഇതിന് മറുപടിയായാണ് സംഭവവുമായി ബന്ധപ്പെട്ട് അഞ്ചല്‍ സി.ഐ മോഹന്‍ദാസിനെ സ്ഥലം മാറ്റിയിട്ടുണ്ടെന്നും പകരം ടി. സതികുമാറിന് ചുമതല നല്കിയെന്നുമുള്ള സര്‍ക്കാര്‍ വിശദീകരണം. മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി കടകംപ്പള്ളി സുരേന്ദ്രനാണ് ഇക്കാര്യം സഭയെ അറിയിച്ചത്. സ്ഥലം മാറ്റം അച്ചടക്ക നടപടിയുടെ ഭാഗമല്ലെന്നായിരുന്നു ആദ്യം പോലീസ് നല്കിയ വിശദീകരണം.