മോസ്കോ: കരുത്തരായ ഈജിപ്തിനെ തകര്‍ത്ത് റഷ്യയ്ക്ക് രണ്ടാം ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് റഷ്യയുടെ ജയം. രണ്ടു കളികളിലും മികച്ച പ്രകടനം പുറത്തെടുത്ത റഷ്യ ആറു പോയിന്റുമായി പ്രീക്വാര്‍ട്ടറിലേക്കുള്ള പ്രവേശനം ഏതാണ്ട് ഉറപ്പിച്ചിരിക്കുകയാണ്. അതേ സമയം തുടര്‍ച്ചയായ രണ്ടാം തോല്‍വി ഈജിപ്തിന് മുന്നോട്ടു പോകാനുളള സാധ്യതയും കുറച്ചു.
മത്സരത്തിന്റെ 47ാം മിനിട്ടിലായിരുന്നു റഷ്യയുടെ ആദ്യ ഗോള്‍. അതും ഈജിപ്ഷ്യന്‍ താരം അഹമ്മദ് ഫാത്തിയുടെ സെല്‍ഫ് ഗോള്‍. റഷ്യയുടെ ഡെനിഷ് ചെറിഷേവ്(59), ആര്‍ട്ടം സ്യൂബ(62) എന്നിവര്‍ വിജയം ഉറപ്പാക്കി. കഴിഞ്ഞ മത്സരത്തില്‍ രണ്ട് ഗോളുകള്‍ നേടിയ ചെറിഷേവിന്റെ ഗോള്‍നേട്ടം ഇതോടെ മൂന്നായി ഉയര്‍ന്നു. നിലവില്‍ മൂന്നു ഗോള്‍ നേട്ടവുമായി നില്ക്കുന്ന റൊണാള്‍ഡോക്കൊപ്പമെത്തി ചെറിഷേവും.
ഗോളുകള്‍ നേടാനാകാതെ നാണം കെട്ട് മടങ്ങേണ്ടി വരുമെന്ന ഘട്ടത്തിലാണ് ഈജിപ്തിന് ആശ്വാസമേകി 73ാം മിനിട്ടില്‍ പെനാല്‍റ്റി ഗോള്‍ കിട്ടുന്നത്. കിക്കെടുത്ത ഈജിപ്ത് സൂപ്പര്‍ താരം മുഹമ്മദ് സല കിട്ടിയ അവസരം പിഴവ് കൂടാതെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.
ആദ്യ മത്സരത്തില്‍ റഷ്യ സൗദിയെ 5-0ത്തിനാണ് തോല്‍പ്പിച്ചത്. ഈജിപ്ത് 1-0ത്തിന് ഉറുഗ്വയോട് തോറ്റിരുന്നു.