ന്യൂഡല്‍ഹി: കോയമ്പത്തൂരിലെ ഹിന്ദു മുന്നണി പ്രവര്ത്തകന് ശശികുമാര്‍ വധക്കേസില്‍ ഇസ്ലാമിക് ഫൗണ്ടേഷന് സ്ഥാപകന്‍ സാക്കീര്‍ നായിക്കിന് പങ്ക്. കേസില്‍ എന്‍ഐഎ സമര്‍പ്പിച്ച കുറ്റ പത്രത്തിലാണ് സാക്കീര്‍ നായിക് കൊലപാതകരെ സ്വാധീനിച്ചതായി കണ്ടെത്തല്‍.
2016ലാണ് കോയമ്പത്തൂരിലെ ഹിന്ദു മുന്നണി പ്രവര്ത്തകന് ശശികുമാറിനെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ദാരുണമായി വെട്ടി കൊലപ്പെടുത്തിയത്. കേസിന്റെ അന്വേഷണം വഴി മുട്ടിയ സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കേസ് 2018 ജനുവരിയില്‍ എന്‍ഐഎയ്ക്ക് കൈമാറി. തുടര്‍ന്ന് നാല് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ എന്‍ ഐ എ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഇവരുടെ വീടുകളില്‍ നടത്തിയ തെരച്ചിലില്‍ നിന്നാണ് ഇസ്ലാമിക് സ്റ്റേറ്റ് സ്ഥാപകനും വിവാദ മത പ്രഭാഷകനുമായ സാക്കീര്‍ നായിക്കിന്റെ പങ്ക് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്നത്. സാക്കീര്‍ നായിക്കിന്റെ മത പ്രഭാഷണങ്ങള്‍ അടങ്ങിയ ഡിവിഡികള്‍ എന്‍ഐഎ നടത്തിയ തെരച്ചിലില്‍ കണ്ടെത്തി. പിഎഫ്ഐയുടെ ലഘു ലേഘകള്‍, മൊബൈല്‍ ഫോണുകള്‍, തുടങ്ങിയവയും പരിശോധനയില്‍ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇവര്‍ക്ക് സാക്കീര്‍ നായിക്കുമായും ഇസ്ലാമിക് ഫൗണ്ടേഷനുമായും അടുത്ത ബന്ധമുണ്ടെന്നും എന്‍ഐഎ വ്യക്തമാക്കി.
കേസുമായി ബന്ധപ്പെട്ട് പ്രത്യേക കോടതിയില്‍ എന്‍ഐഎ സമര്‍പ്പിച്ച കുറ്റ പത്രത്തിലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടി കാട്ടുന്നത്. നേരത്തെ സാക്കിറിനെയും സംഘടനയായ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെയും നിയമവിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച് അഞ്ചുവര്‍ഷത്തേക്ക് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിരുന്നു. 2016ല്‍ രാജ്യം വിട്ട സാക്കിര്‍ മലേഷ്യയിലുണ്ടെന്നാണ് രഹസ്യാന്വേഷണ ഏജന്‍സിയ്ക്ക് ലഭിച്ച വിവരം. ഭീകരര്‍ക്ക് സാമ്പത്തിക സഹായം നല്കല്, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ കേസുകളിലും സക്കീറിനെതിരെ എന്‍ഐഎ അന്വേഷണം നടത്തുന്നുണ്ട്.