ആകാശത്തോളം സ്വപ്നങ്ങള്‍ കാണണമെന്നാണ് ആഞ്ചല്‍ എന്ന പെണ്‍കുട്ടിയെ അവളുടെ അച്ഛന് പഠിപ്പിച്ചത്. സ്വപ്നങ്ങള്‍ കാണാന്‍ ഒരുപാട് ഇഷ്ടപ്പെട്ട ആ പെണ്‍കുട്ടി അച്ഛന് പറഞ്ഞതു പോലെ ആകാശത്തിലൂടെ പറന്നു നടക്കുന്ന സ്വപ്നങ്ങള്‍ കാണാന്‍ തുടങ്ങി.
ഇതിനിടെയാണ് ഉത്തരാഖണ്ഡില്‍ വന്‍ ജല പ്രളയമുണ്ടാകുന്നത്. അന്ന് അപകടത്തില്‍ പെട്ട നിരവധി പേര്‍ക്ക് ആശ്വാസമായത് ഇന്ത്യന്‍ സേന നടത്തിയ രക്ഷ പ്രവര്‍ത്തനങ്ങളാണ്. സേനയിലെ എല്ലാ വിഭാഗങ്ങളും ഒന്നിച്ചു നടത്തിയ രക്ഷപ്രവര്‍ത്തനമാണ് അന്ന് രാജ്യം കണ്ടത്. അന്ന് പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്ന ആഞ്ചലിനെയും ഇത് ഏറെ സ്വാധീനിച്ചു. എന്നെങ്കിലുമൊരിക്കല്‍ താനും ഇതിന്റെ ഭാഗമാകുമെന്ന് അവള് ഉറപ്പിച്ചു. വ്യോമ സേനയുടെ ഭാഗമാകാനാണ് ആഞ്ചല്‍ ആഗ്രഹിച്ചത്.
എന്നാല്‍ മധ്യപ്രദേശിലെ നീമുച്ച് ജില്ലയിലെ ഒരു ചെറു ഗ്രാമത്തില്‍ ജീവിക്കുന്ന ആഞ്ചല്‍ ഗങ്വാള്(24) എന്ന പെണ്‍കുട്ടിക്ക് അത് അത്ര അനായാസമായ കടമ്പയായിരുന്നില്ല. കാരണം അവളുടെ അച്ഛന് ഒരു ചായ വില്‍പ്പനക്കാരനായിരുന്നു. സാമ്പത്തികമായിരുന്നു ഏറ്റവും വലിയ വില്ലന്‍. എങ്കിലും തന്റെ സ്വപ്നത്തെ ഉപേക്ഷിക്കാന്‍ ആഞ്ചല്‍ ഒരുക്കമായിരുന്നില്ല.
പഠിക്കാന്‍ മിടുക്കിയായിരുന്ന ആഞ്ചല്‍ കാസ്ലില്‍ ഒന്നാം സ്ഥാനത്തായിരുന്നു. സ്കോളര്‍ഷിപ്പ് നേടി ഉജ്ജയിനിലെ വിക്രം യൂണിവേഴ്സിറ്റിയില്‍ പഠിക്കാന്‍ ആരംഭിച്ചു. നിരവധി മത്സരപ്പരീക്ഷകളിലും ഇതിനിടെ പങ്കെടുത്തു. പൊലീസ് സബ്-ഇന്‍സ്പെക്ടര്‍ പരീക്ഷ വിജയിച്ച് ട്രെയിനിംഗിനു ചേര്‍ന്നെങ്കിലും, അവിടെ നിശ്ചയിച്ചിരുന്ന ഷെഡ്യൂള്‍ അതികഠിനമായിരുന്നു. തന്റെ സ്വപ്നജോലിക്ക് വേണ്ടിയുള്ള യാതൊരു തയാറെടുപ്പിനും ആഞ്ചലിന് ഇവിടെ സമയം ലഭിച്ചിരുന്നില്ല. അത് വെറുമൊരു സ്വപ്നമായി തന്നെ അവശേഷിക്കുമെന്നു കരുതിയപ്പോഴാണ് ലേബര്‍ ഇന്‍സ്പെക്ടര്‍ പരീക്ഷയുടെ ഫലം വരുന്നത്. ഇതോടെ ആ ജോലിക്ക് ചേര്‍ന്നു. ഇവിടെ ഷെഡ്യൂളും താരതമ്യേന എളുപ്പമായിരുന്നു. ഒഴിവ് ലഭിക്കുന്ന സമയം മുഴുവന്‍ എയര്‍ഫോഴ്സ് കോമണ്‍ അഡ്മിഷന് ടെസ്റ്റിനു തയാറെടുക്കാനായി നീക്കി വച്ചു.
എന്നാല്‍ അത് എളുപ്പമുള്ള ഒന്നായിരുന്നില്ല. അഞ്ചു തവണയാണ് ഇന്റര്‍വ്യൂ ബോര്‍ഡിനു മുന്നിലെത്തി പരാജയം അറിഞ്ഞത്. പക്ഷേ അതൊന്നും ഈ പെണ്‍കുട്ടിയെ തളര്‍ത്തിയില്ല. ഒടുവില്‍ ആറാം തവണ എല്ലാം ആഞ്ചലിന് അനുകൂലമായിരുന്നു.
സ്വപ്നങ്ങളെ യാഥാര്‍ത്ഥ്യമാക്കി ഇന്ന് അവള് ഇന്ത്യന്‍ എയര്‍ ഫോഴ്സിന്റെ ഭാഗമാകാനൊരുങ്ങുകയാണ്. 6 ലക്ഷം പേരെഴുതിയ പരീക്ഷയില്‍ വെറും 22 പേര് മാത്രമാണ് യോഗ്യത നേടിയത് എന്നറിയുമ്പോള്‍ മാത്രമാണ് ഈ പെണ്‍കുട്ടി നേടിയ വിജയത്തിന്റെ തിളക്കം നമുക്ക് മനസിലാകു. ഇതില്‍ തന്നെ മധ്യപ്രദേശില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഒരേയൊരാള്‍ ആഞ്ചലാണ്. 22ല്‍ അഞ്ച് പേര് മാത്രമാണ് പെണ്കുട്ടികളായുള്ളത്. ആത്മാര്‍ത്ഥമായ പരിശ്രമവും നിശ്ചയദാര്‍ഢ്യവും മാത്രമാണ് തന്റെ വിജയത്തിന്റെ രഹസ്യമെന്നാണ് ആഞ്ചല്‍ പറയുന്നത്.
രാജ്യത്തിന്റെ നാനാ ഭാഗത്തു നിന്നും അഭിനന്ദന പ്രവാഹമാണ് ഇപ്പോള്‍ ആഞ്ചലിന് കിട്ടുന്നത്. മുഖ്യമന്ത്രി ശിവ് രാജ് സിംഗ് ചൗഹാന് ആഞ്ചലിന് ട്വിറ്ററിലൂടെ അഭിനന്ദനം അറിയിച്ചു. ഇതിന് പുറമെ വനിത ശിശുക്ഷേമ മന്ത്രിയായ അര്‍ച്ചന ചിട്നിസും ആഞ്ചലിന് വീട്ടിലെത്തി അഭിനന്ദനങ്ങള്‍ അറിയിച്ചു.