FootballFIFA World Cup 2018

ജയിച്ചത് ജോക്കിം ലോയുടെ തന്ത്രങ്ങള്‍

ആര്‍. ബാലകൃഷ്ണന്‍

പ്രാഥമിക ലീഗ് മത്സരങ്ങളില്‍ വിജയമുറപ്പിച്ച കേവലം മറ്റൊരു ഗോളായിരുന്നില്ല ഞായറാഴ്ച പുലര്‍ച്ചയ്ക്ക് (ഇന്ത്യന്‍ സമയം) ടോണി ക്രൂസിന്റെ ബൂട്ട്‌സില്‍നിന്ന് സ്വീഡന്റെ വലയില്‍ പതിച്ചത്. കഴിഞ്ഞ ലോകകപ്പുകളില്‍ ചാമ്പ്യന്‍പട്ടം നിലനിര്‍ത്താനെത്തി ആദ്യ റൗണ്ടില്‍ പുറത്തായവരുടെ കരിനിഴലിലായിരുന്നു ആ നിമിഷംവരെയും ജര്‍മനി. ആദ്യ മത്സരത്തില്‍ അടിപതറിയതാകട്ടെ, ഫിഫ റാങ്കിങ്ങില്‍ പതിനഞ്ചാം സ്ഥാനവും 1986ലെ ക്വാര്‍ട്ടര്‍ ഫൈനലിനപ്പുറം ലോകകപ്പില്‍ സാന്നിദ്ധ്യമറിയിക്കാനും സാധിച്ചിട്ടില്ലാത്ത മെക്‌സിക്കോയോടും. റാങ്കിങ്ങില്‍ ഒന്നാമതാണ് ജര്‍മ്മനി. നാലു തവണ ജേതാക്കള്‍. പത്തൊന്‍പത് തവണ ലോകകപ്പില്‍ പങ്കെടുത്തിട്ടുള്ളവരും.

എന്തായിരുന്നു ജര്‍മ്മനിയുടെ വിജയ രഹസ്യം ? അതൊരു സൂത്രവാക്യമാണ് – ജോക്കിം ലോ. ആ പരിശീലകന്റെ ആസൂത്രണ മികവില്‍ ജര്‍മനി സ്വീഡനെ മറികടന്നു. മുന്നേറ്റനിര പാഴാക്കിക്കളഞ്ഞ അവസരങ്ങളും എതിര്‍ മുന്നേറ്റത്തില്‍ ഉലഞ്ഞുപോയ പ്രതിരോധവും ആരാധകര്‍ മറന്നു. ജര്‍മ്മനി താളം കണ്ടെത്തിത്തുടങ്ങിയതായി അവര്‍ വിശ്വസിക്കുന്നു.

സ്വീഡനുമായുള്ള നിര്‍ണായക മത്സരത്തില്‍ മെസ്യൂട്ട് ഓസിലിനെപ്പോലെ കരുത്തനായ ഒരു മദ്ധ്യനിരക്കാരനെ സബ്സ്റ്റിറ്റിയൂട്ട് ബെഞ്ചിലിരുത്താനുള്ള തന്റേടവും കാണിച്ചു ജോക്കിം ലോ. ജര്‍മന്‍ ദേശീയഗാനത്തോട് ഓസില്‍ അനാദരവ് കാണിക്കുന്നുവെന്ന ആരോപണത്തിനു പിറകെ തുര്‍ക്കി പ്രസിഡണ്ടുമായി നടത്തിയ കൂടിക്കാഴ്ച ജര്‍മനിയിലുയര്‍ത്തിയ വിമര്‍ശനത്തെ തുടര്‍ന്നായിരുന്നു അത്. 2010ലേയും 2014ലേയും ലോകകപ്പുകളിലും 2012, 2016 വര്‍ഷങ്ങളിലെ യൂറോ കപ്പ് മത്സരങ്ങളിലും ജര്‍മനിയുടെ ആദ്യ ഇലവനിലുണ്ടായിരുന്ന ഈ തുര്‍ക്കി വംശജന്‍ റഷ്യയിലെത്തുമ്പോള്‍ പകരക്കാരനില്ലാത്ത പ്രതിഭയായിരുന്നു. പക്ഷേ രാജ്യതാല്പര്യങ്ങള്‍ക്ക് മേലെയല്ല ആരും എന്ന് പറയാതെ പറഞ്ഞുവച്ചു ലോ. സമി ഖെദീര(ടൂണിഷ്യ)യായിരുന്നു പുറത്തിരുത്തപ്പെട്ട മറ്റൊരാള്‍.

ഓസിലിന് പകരക്കാരനായത് മാര്‍ക്കൊ റൂസ്. പരിക്കിന്റെ കരിനിഴലിനും ആരാധകരുടെ പരിഹാസത്തിനും നടുവില്‍ അലയുകയായിരുന്നു റൂസ്. പരിക്കുമൂലം കഴിഞ്ഞ ലോകകപ്പില്‍ കളിക്കാനായിരുന്നില്ല. സ്വന്തം ക്ലബ്ബായ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനുവേണ്ടി കഴിഞ്ഞ സീസണില്‍ കളിച്ചത് ഇരുപതില്‍ താഴെ മത്സരങ്ങള്‍ മാത്രം. അടിച്ചത് ഏഴ് ഗോളും.

റൂസിന്റെ വരവ് ടീമിനെ ശക്തിപ്പെടുത്തുമെന്ന് ലോയ്ക്ക് ഉറപ്പുണ്ടായിരുന്നു. നാല്പത്തെട്ടാം മിനിറ്റില്‍ അത് ശരിയെന്ന് തെളിയിച്ചു റൂസ്. ലോകകപ്പിലെ അയാളുടെ ആദ്യ ഗോള്‍. റഷ്യയില്‍ ജര്‍മനിയുടേയും. നിര്‍ണായക മത്സരത്തിന്റെ മുപ്പത്തഞ്ചാം മിനിറ്റിലാണ് ടോണി ക്രൂസിന്റെ പിഴവില്‍ ഒല ടോയ് വോനന്‍ ജര്‍മന്‍ വല ചലിപ്പിച്ചത്. ജര്‍മനി ഞെട്ടിയില്ല. അവര്‍ ആക്രമണം അനുസ്യൂതം തുടര്‍ന്നു. ഇടവേളയില്‍ ലോയ്ക്ക് തങ്ങളോട് സംസാരിക്കാനുണ്ടാകുമെന്ന് അവര്‍ക്കുറപ്പുണ്ടായിരുന്നു.

അത് ശരിയായിരുന്നുവെന്ന് റൂസിന്റെ ഗോള്‍ പറഞ്ഞു. ഇടവേള കഴിഞ്ഞ് മൂന്നാം മിനിറ്റില്‍. സ്വീഡന്റെ പ്രത്യാക്രമണ രീതിക്കനുയോജ്യമായ ഗെയിം പ്ലാനാണ് ജോക്കിം ലോ തയാറാക്കിയത്. യോനസ് ഹെക്ടറെ പ്രതിരോധനിരയില്‍ വിങ്ങിലേക്ക് കൊണ്ടുവന്നു. മുള്ളര്‍ അകത്തേയ്ക്ക് കയറിക്കളിച്ചു. മദ്ധ്യനിരയില്‍ ആക്രമണത്തിന്റെ ചുമതല ടോണി ക്രൂസിന് നല്‍കി. എതിര്‍ ബോക്‌സില്‍ പന്തെത്തുമ്പോഴെല്ലാം ആള്‍ബലം കൂട്ടാന്‍ പദ്ധതിയുണ്ടാക്കി.

കളി സ്വീഡന്റെ ഹാഫില്‍ കേന്ദ്രീകരിച്ചു നിര്‍ത്തി ജര്‍മനി. നീണ്ട പാസുകള്‍ക്കൊപ്പം ക്രോസുകളും കൂടുതലായി പ്രയോജനപ്പെടുത്തി. മരിയോ ഗോമസിനെ രണ്ടാം പകുതിയില്‍ ഇറക്കിയതോടെ ഉയര്‍ന്നു വരുന്ന പന്തുകളും ജര്‍മനിയുടെ വരുതിയിലായി. ക്രൂസ് – റൂസ് കോമ്പിനേഷന്‍ ലോ പ്രതീക്ഷിച്ച നിലവാരത്തിലേയ്ക്കുയര്‍ന്നു.

പരിക്കുമൂലം പ്രതിരോധനിരയില്‍ മാറ്റ്‌സ് ഹമ്മല്‍സിന് കളിക്കാനിറങ്ങാതെ പോയതിന്റെയും കളിക്കിടയില്‍ പരിക്കുപറ്റി കളം വിടേണ്ടിവന്ന മധ്യനിരയിലെ സെബാസ്റ്റ്യന്‍ റൂഡിയുടേയും അഭാവം ടീമിനെ ബാധിക്കാത്തവിധത്തില്‍ മത്സരം ഗെയിം പ്ലാനനുസരിച്ച് ജര്‍മനി കൊണ്ടുപോയി.

അതിനിടെയാണ് അപ്രതീക്ഷിതമായി (അനാവശ്യമായി) രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് ജെറോം ബോട്ടെങ്ങ് മാര്‍ച്ചിംഗ് ഓര്‍ഡര്‍ വാങ്ങുന്നത്. പക്ഷേ ശേഷിച്ച സമയം പത്തുപേരെവെച്ച് കളിക്കുന്നതിന്റെ അധിക സമ്മര്‍ദ്ദമൊന്നും ജര്‍മനി പ്രകടിപ്പിച്ചില്ല. തുറന്നു കിട്ടിയ കൂടുതല്‍ ഇടം പ്രയോജനപ്പെടുത്താന്‍ സ്വീഡനെ അനുവദിച്ചതുമില്ല.

ആ പ്രഫഷണിലസമാണ് തൊണ്ണൂറ്റഞ്ചാം മിനിറ്റില്‍ ജര്‍മനിയെ വിജയത്തിലെത്തിച്ചത്. ഇടത് ബോക്‌സിന് തൊട്ടരികില്‍ നിന്ന് ക്രൂസിന്റെ കിക്കില്‍ പന്ത് സ്വയം കറങ്ങി മുന്നോട്ട് പോയി വളഞ്ഞ് രണ്ടാം പോസ്റ്റിനരികിലൂടെ വലയിലേയ്ക്ക്. ജര്‍മനി അര്‍ഹിക്കുന്ന ജയം. സമനിലയില്‍ കുടുക്കാനുള്ള സ്വീഡന്റെ തന്ത്രം ജോക്കിം ലോ പൊളിച്ചതോടെ അവരുടെ പ്രീ – ക്വാര്‍ട്ടര്‍ സാദ്ധ്യത കയ്യാലപ്പുറത്തായി. മെക്‌സിക്കോയ്‌ക്കെതിരെ അട്ടിമറി ജയം നേടാനായില്ലെങ്കില്‍ മടങ്ങാം.

ദക്ഷിണ കൊറിയയെ മികച്ച സ്‌കോറില്‍ തോൽപ്പിക്കുക എന്നതാവണം ലോയുടെ ലക്ഷ്യം. കാരണം പോയിന്റ് തുല്യമായാല്‍ കണക്കുകളാകും വിധി പറയുക. അതിനുതകുന്ന ഗെയിം പ്ലാനുമായി ജോക്കിം ലോ വീണ്ടും എത്തും. പക്ഷേ കളത്തിലിറങ്ങുമ്പോള്‍ കാലുകളിലേക്ക് ആ കളി ആവാഹിക്കാന്‍ കഴിഞ്ഞാലേ തന്ത്രങ്ങള്‍ക്ക് പ്രസക്തിയുള്ളൂവെന്ന് കളിക്കാരും ഓര്‍മിക്കണം.

ആർ.ബാലകൃഷ്ണൻ

മുതിർന്ന മാദ്ധ്യമ പ്രവർത്തകനാണ് ലേഖകൻ .

382 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close