കൊല്ലം: ഓച്ചിറയിൽ കടത്തിണ്ണയിൽ അന്തിയുറങ്ങിയ വയോധികർക്ക് നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം. കഴിഞ്ഞ ദിവസം പുലർച്ചെയാണ് സംഭവം. മദ്യലഹരിയിൽ ആയിരുന്നവരാണ് ആക്രമണം നടത്തിയത് എന്നാണ് സൂചന.
അന്തിയുറങ്ങാൻ മാർഗ്ഗമില്ലാത്തവരുടെ കിടക്കാനുള്ള ഇടമാണ് ഓച്ചിറയിലെ തെരുവുകൾ. ഇവിടെ പ്രതിദിനം രാത്രി തളളി നീക്കുന്നത് നിരവധി പേർ. എല്ലാം പ്രായമേറിയവർ. എല്ലാ നഷ്ടവും വേദനയും വിഷമവും മറന്നുറങ്ങുന്നവർ. ഇവരെയാണ് രണ്ടംഗ സാമൂഹിക വിരുദ്ധ സംഘം ആക്രമിച്ചത്. ഒന്നും ചെയ്യരുതെന്ന് ആ വൃദ്ധർ തൊഴുതു പറഞ്ഞു. അപേക്ഷ കേൾക്കാൻ പോലും ആ സാമൂഹിക വിരുദ്ധർക്ക് മനസുണ്ടായിരുന്നില്ല. തലയിൽ ചവിട്ടി. ശരീരത്ത് അടിച്ചു. എന്നിട്ടും അക്രമികൾ അടങ്ങിയില്ല. ഇതിന്റെ ദൃശ്യങ്ങൾ പതിഞ്ഞത് സമീപത്തെ സ്ഥാപനത്തിന്റെ സിസിടിവി ക്യാമറയിൽ.
രാത്രികാലങ്ങളിൽ ഓച്ചിറയിൽ സാമൂഹിക വിരുദ്ധരുടെ വിളയാട്ടം പതിവാണ്. അർദ്ധരാത്രിയിൽ അപകടകരമായ ബൈക്ക് അഭ്യാസമാണ് മറ്റൊരു വിനോദം. ഓച്ചിറയിൽ സാധാരണ ജനങ്ങളുടെ ജീവിതം തകർക്കുന്ന നിലയിലാണ് സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം.