അബുദബി: വിനോദ സഞ്ചാര മേഖലയിൽ സഹകരണം വിപുലമാക്കി ഇന്ത്യയും ഒമാനും. എട്ടാമത് ഇന്ത്യ ഒമാൻ സംയുക്ത സമിതിയോഗത്തിൽ പങ്കെടുക്കാനെത്തിയ വ്യവസായ, വാണിജ്യ, വ്യോമയാന മന്ത്രി സുരേഷ് പ്രഭു ഒമാൻ ടൂറിസം മന്ത്രി അഹമ്മദ് ബിൻ നാസർ അൽ മഹ്രീസിയുമായി കൂടിക്കാഴ്ചയിലാണ് തീരുമാനം ഉണ്ടായത്.
വിനോദ സഞ്ചാര മേഖലയിലെ ഇന്ത്യയുമായുള്ള സഹകരണം വിപുലമാക്കുമെന്ന് സുരേഷ് പ്രഭുവുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ഒമാൻ ടൂറിസം മന്ത്രി അഹമ്മദ് ബിൻ നാസർ അൽ പറഞ്ഞു. ഇന്ത്യൻ സമൂഹത്തിലെ പ്രമുഖരുമായും സുരേഷ് പ്രഭു കൂടിക്കാഴ്ച നടത്തി. ഇതിൽ ഒമാൻ വാണിജ്യ വ്യവസായമന്ത്രി ഡോ. അലി ബിൻ മസൂദ് അൽ സുനൈദി പങ്കെടുത്തു.
ഒമാനിലെത്തിയ മന്ത്രിയെ വിവിധ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും വിദഗ്ദ്ധരും അനുഗമിക്കുന്നുണ്ട്. വാണിജ്യ വ്യവസായ രംഗങ്ങളിലെ ബന്ധം ദൃഢമാക്കുക, നിക്ഷേപ പദ്ധതികൾ നടപ്പാക്കുക തുടങ്ങിയ ലക്ഷ്യവുമായാണ് കേന്ദ്ര പ്രതിനിധി സംഘമെത്തിയത്. ഒമാനിലെ വിവിധ മന്ത്രിമാരുമാരുമായി സംഘം കൂടിക്കാഴ്ച്ച നടത്തി.