തിരുവനന്തപുരം: തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ രുദ്രയുടെ മരണത്തില്‍ ആരോഗ്യവകുപ്പ് പുനരന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം ജില്ലാ കളക്ടറുടെയും ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടറുടെയും നേതൃത്വത്തിലുള്ള പ്രത്യക സംഘം മാതാപിതാക്കളില്‍ നിന്നും തെളിവെടുത്തു.
ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് രക്ഷിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് പുനരന്വേഷണം നടത്തുന്നത്.
രുദ്രയുടെ തിരുവനന്തപുരം ഊരുട്ടമ്പലത്തെ വീട്ടില്‍ എത്തിയാണ് ജില്ലാ കളക്ടര്‍ കെ.വാസുകിയുടെ നേതൃത്വത്തിലുള്ള സംഘം മാതാപിതക്കളില്‍ നിന്നും തെളിവെടുപ്പ് നടത്തിയത്. ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍, ജില്ലാ മെഡിക്കല്‍ സൂപ്രണ്ട് എന്നിവരും കളക്ടര്‍ക്കൊപ്പം ഉണ്ടായിരുന്നു.
രുദ്രയുടെ മരണത്തില്‍. ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ആരോഗ്യവകുപ്പ് സംഭവത്തില്‍ പുനരന്വേഷണം നടത്തുന്നത്.
ആരോപണ വിധേയരായ ഡോക്ടര്‍മാരില്‍ നിന്നും എസ്എടി ആശുപത്രി അധികൃതരില്‍ നിന്നും അന്വേഷണ സംഘം തെളിവെടുക്കും. 2016 ജൂലൈ 10നാണ് തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രുദ്ര മരിക്കുന്നത്. മരണത്തിന് പിന്നില്‍ ചികിത്സാ പിഴവെന്നാണ് മാതാപിതാക്കളുടെ ആരോപണം.