ഉഡുപ്പി: ഷിരൂര്‍ മഠാധിപതി സ്വാമി ലക്ഷ്മീവരതീര്ത്ഥ ദുരൂഹ സാഹചര്യത്തില്‍ വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവത്തെ തുടര്‍ന്ന് ഉഡുപ്പി ഷിരൂര്‍ മഠത്തിലും ഷിരൂരിലെ മൂലസ്ഥാനത്തും പൊലീസ് കാവല്‍ ശക്തമാക്കി. പൊലീസ് അന്വേഷണം പൂര്‍ത്തിയാകും വരെ മഠങ്ങളില്‍ ആളുകള്‍ പ്രവേശിക്കുന്നതിന് വിലക്കും ഏര്‍പ്പെടുത്തി.
മഠത്തിലെ അടുക്കള സാമഗ്രികളും മറ്റും കസ്റ്റഡിയിലെടുത്ത് പരിശോധന നടത്താനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. ഭക്ഷണത്തിലൂടെ വിഷം ഉള്ളില്‍ ചെന്നതായാണ് കരുതുന്നത്. ഒപ്പമുണ്ടായിരുന്ന ആര്‍ക്കും വിഷബാധ ഏറ്റിട്ടില്ല എന്നതാണ് കൊലപാതക സാധ്യതകളിലേക്ക് വിരല്‍ ചൂണ്ടുന്നത്. മഠത്തിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കും.
സ്വാമിയുടെ മരണത്തിലെ അസ്വാഭാവികത ചൂണ്ടിക്കാണിച്ച് അദ്ദേഹത്തിന്റെ സഹോദരന് ലതവ്യ ആചാര്യ രംഗത്ത് വന്നിരുന്നു. ആരോ ഭക്ഷണത്തില്‍ വിഷം ചേര്‍ത്തു കൊലപ്പെടുത്തിയതാണെന്ന ആരോപണമാണ് അദ്ദേഹവും ഉന്നയിച്ചത്. മുന്‍പൊരിക്കല്‍ ജീവന് ഭീഷണി ഉണ്ടെന്ന് സ്വാമി സൂചിപ്പിച്ചതായി അഭിഭാഷകന് രവികിരണ്‍ മുരുഡേശ്വറും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷമേ കൂടുതല്‍ പരിശോധനകള്‍ സാധ്യമാകു. ഇത് ഇതുവരെ ലഭിച്ചിട്ടില്ല. പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് വിഷം ഉള്ളില്‍ ചെന്നാണ് മരണമെന്ന് തെളിഞ്ഞത്.