ന്യൂഡല്‍ഹി: കീഴാറ്റൂര്‍ വയല്‍ വിഭജിച്ച് പാത പണിയരുതെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. വയലുകള്‍ പരമാവധി സംരക്ഷിക്കണം, റോഡിനായി മറ്റു വഴികള്‍ ആലോചിക്കണം. കൃഷിഭൂമി ഒഴിവാക്കി പാതക്കായി തയ്യാറാക്കിയ അലൈന്മെന്റ് മാറ്റണം. സമരക്കാരുടെ ആവശ്യം ന്യായമാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
റിസര്‍ച്ച് ഓഫീസറായ ജോണ്‍ ജോസഫ് ആണ് ഇക്കാര്യം സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അതീവ പരിസ്ഥിതി പ്രാധാന്യമുള്ള വയലില്‍ കൃഷി ചെയ്ത് ജീവിക്കാന്‍ ആകില്ലെന്ന നാട്ടുകാരുടെ ആശങ്കക്ക് അടിസ്ഥാനമുണ്ട്. ഇത് ഒഴിവാക്കാന്‍ വയലിനെ രണ്ടായി മുറിക്കുന്ന രീതിയിലുള്ള റോഡ് നിര്‍മാണം പരമാവധി ഒഴിവാക്കേണ്ടതാണ്. മറ്റ് സാധ്യതകള്‍ പരിഗണിക്കണം എന്നാണ് നിര്‍ദ്ദേശം. നിര്‍ദ്ദിഷ്ട സ്ഥലം പരിസ്ഥിതി ലോലമായ പ്രദേശമാണ്. ഒരു ഭാഗത്ത് മലനിരകളും മറുഭാഗത്ത് വയലും തോടുകളും ഉണ്ട്. അതിനാല്‍ ഇതുവഴിയുള്ള റോഡ് നിര്‍മാണം ഏറ്റവും അവസാനത്തേത് മാത്രമേ ആകാവു.
ഫലത്തില്‍ ദേശീയ പാതാ വികസനത്തിന് കീഴാറ്റൂര്‍ വയല്‍ ഒഴിവാക്കാന്‍ പറ്റുമെങ്കില്‍ അക്കാര്യം പരിഗണിക്കണം എന്ന റിപ്പോര്‍ട്ടാണ് സംഘം സമര്‍പ്പിച്ചിരിക്കുന്നത്.