അബുദബി: മാറാനുള്ള കഴിവും ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ കഴിയുന്നതുമാണ് ഏറ്റവും വലിയ നേട്ടമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. മറ്റുള്ളവർക്കുവേണ്ടി പ്രയത്നിക്കുന്നവരാണ് ഏറ്റവും നല്ല മനുഷ്യരെന്നും ഷെയ്ഖ് മുഹമ്മദ് തന്റെ ട്വിറ്ററിൽ കുറിച്ചു.
പുതുതലമുറയ്ക്കായി ജീവിതാനുഭവങ്ങൾ പങ്കുവയ്ക്കുന്ന ഹാഷ് ടാഗിലാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ത്യാഗത്തേയും ജീവിത നേട്ടത്തേയും ഉത്തരവാദിത്വത്തേയും കുറിച്ചുള്ള സന്ദേശം നൽകിയത്.
രാജ്യത്തിനുവേണ്ടിയും മറ്റുള്ളവരുടെ സേവനത്തിനുവേണ്ടിയും സ്വയം മാറുകയും മറ്റുള്ളവരുടെ ജീവിതം മെച്ചപ്പെടുത്തുകയും അവർക്ക് അവസരങ്ങൾ സൃഷ്ടിക്കുകയും നേട്ടങ്ങൾ സമ്മാനിക്കുകയും ചെയ്യുന്നതാണ് ഏറ്റവും വലിയ നേട്ടമെന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കുറിച്ചു. സ്വന്തം കാര്യംമാത്രം നോക്കി ജീവിക്കുന്നത് ഉചിതമല്ല, എന്നാൽ മറ്റുള്ളവർക്കുവേണ്ടിയും പ്രവർത്തിക്കുന്നവർ സമൂഹത്തിൽ ഏറെ പ്രധാന്യം അർഹിക്കുന്നവരാണ്.
നിസ്വാർത്ഥരും മനുഷ്യസ്നേഹമുള്ളവരും മറ്റുള്ളവർക്ക് വേണ്ടി പ്രവർത്തിക്കാൻ സദാ സജ്ജരുമായ വ്യക്തികളെ നേതൃനിരയിലേക്ക് കണ്ടെത്തുക എന്നത് താൻ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണെന്ന് അദ്ദേഹം വ്യക്തമാക്കി. കുറച്ചുപേരെ മാത്രമാണ് നേതൃനിരയിലേക്ക് വാർത്തെടുക്കാൻ കഴിഞ്ഞതെങ്കിലും അവരെല്ലാം വളരെ കഴിവുറ്റവരാണ്.
അവരുടെ ആഗ്രഹങ്ങളും ലക്ഷ്യവും വ്യത്യസ്തമാണ്. നിസ്വാർത്ഥരായ അവർക്ക് രാജ്യത്തിന് സദാ ത്യാഗ സന്നദ്ധരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.