അബുദാബി: സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കാന്‍ അബുദാബി പോലീസിന്റെ നിര്‍ദേശം. വിദേശരാജ്യങ്ങളിലേക്ക് യാത്രപോകുന്നവര്‍ ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണമെന്ന് അബുദാബി പോലീസ് ജനറല്‍ കമാന്‍ഡും യു.എ.ഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയവും വ്യക്തമാക്കി.
വിദേശരാജ്യങ്ങളില്‍ നടത്തുന്ന ഓണ്‍ലൈന്‍ ഇടപാടുകളിലും ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള ഷോപ്പിംഗ് സമയത്തും രഹസ്യ പിന് നമ്പരുകള്‍ സുരക്ഷിതവും മറ്റാരും അറിയുന്നില്ലെന്നും ഉറപ്പാക്കണമെന്ന് അബുദാബി പോലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം നിര്‍ദേശിച്ചു. യാത്രാവേളകളില്‍ സംഭവിക്കുന്ന സാമ്പത്തിക കുറ്റകൃത്യങ്ങളുടെ നിരവധി വാര്‍ത്തകള്‍ വരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പെന്ന് അബുദാബി പോലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം മേധാവി കേണല്‍ ഒമ്രാന് അഹമ്മദ് അല്‍ മസ്റോയി അറിയിച്ചു.
ആളുകള്‍ അല്പം ഗൗരവത്തോടെ കാര്യങ്ങള്‍ ചെയ്താല്‍ ഇത്തരം പ്രശ്നങ്ങള്‍ ഒരു പരിധിവരെ ഒഴിവാക്കാമെന്ന് പോലീസ് വ്യക്തമാക്കി. യാത്രകളില്‍ ആവശ്യമായ പണം മാത്രം നിറച്ച ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നതാണ് നല്ലത്. ആന്റി വൈറസ് സോഫ്റ്റ് വെയറുകള്‍ ഇലക്ട്രോണിക് ഉപകാരണങ്ങളുടെ സുരക്ഷക്ക് ഉപയോഗിക്കണം. യാത്രാവിവരങ്ങള്‍ യാത്രാവേളകളില്‍ തന്നെ സമൂഹ്യമാദ്ധ്യമങ്ങളിലൂടെ പങ്ക് വക്കാതിരിക്കണം. മറ്റ് രാജ്യങ്ങളിലോ ദൂര സ്ഥലങ്ങളിലോ നിന്നുള്ള തത്സമയ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്ക് വെക്കുന്നത് മോഷ്ടാക്കള്‍ക്ക് വീട്ടുകാര്‍ സ്ഥലത്തില്ലെന്ന സന്ദേശം നല്‍കുമെന്നും പോലീസ് മുന്നറിയിപ്പ് നല്കി.