അബുദാബി: പൊതുമാപ്പ് അപേക്ഷയുമായി ഷഹാമയിലെ കേന്ദ്രത്തില്‍ എത്തുന്നവരുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവ് പരിഗണിച്ച് രണ്ടാമത്തെ കേന്ദ്രവും തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ തിരക്ക് കാരണം അപേക്ഷയുമായി എത്തുന്നവരെയെല്ലാം പരിഗണിക്കാന്‍ സാധിക്കാതിരുന്നതാണ് പുതിയ കേന്ദ്രം ആരംഭിക്കാന്‍ കാരണം.
ഒരേസമയം 300 പേര്‍ക്കു സേവനം നല്കാന് ശേഷിയുള്ളതാണ് പുതിയ കൂടാരം. ഇതുവഴി അപേക്ഷകര്‍ക്ക് സേവനങ്ങള്‍ വേഗത്തില്‍ ലഭ്യമാകും. ഇതിന് പുറമെ പതിനഞ്ചു വയസിന് താഴെ പ്രായമുള്ള കുട്ടികളെ കൊണ്ടുവരേണ്ടതില്ലെന്നും അവര്‍ക്കുവേണ്ടി രക്ഷിതാക്കള്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ മതിയെന്നും താമസ കുടിയേറ്റ വകുപ്പ് വ്യക്തമാക്കി. കടുത്ത ചൂടില്‍നിന്ന് കുട്ടികളെ രക്ഷിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.
പൊതുമാപ്പിലൂടെ എക്സിറ്റ് പാസ് നേടി നാട്ടിലേക്കു പോകാന്‍ ആഗ്രഹിക്കുന്നവര്‍ മാത്രം ഷഹാമയിലെ പൊതുമാപ്പ് കേന്ദ്രത്തില്‍ എത്തിയാല്‍ മതിയെന്ന് താമസ കുടിയേറ്റ വകുപ്പ് അറിയിച്ചു. കാലാവധിയുള്ള പാസ്പോര്‍ട്ട് കൈവശമുള്ളവര്‍ക്ക് നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കാം. രേഖകള്‍ ഇല്ലാത്തവരും കാലാവധി കഴിഞ്ഞ പാസ്പോര്‍ട്ടുള്ളവരും അതാത് എംബസിയില്‍നിന്നു പൗരത്വം തെളിയിക്കുന്നതിനുള്ള ഔട്ട്പാസ് എടുത്താണ് ഷഹാമയില്‍ എത്തേണ്ടത്. അബുദാബി വിസയിലുള്ളവര്‍ മാത്രമാണ് ഷഹാമയിലെ കേന്ദ്രത്തെ ആശ്രയിക്കേണ്ടത്. മറ്റ് എമിറേറ്റുകളിലെ വിസയിലുള്ളവര്‍ അതാതു കേന്ദ്രത്തിലാണ് എത്തേണ്ടത്.
ഇന്ത്യ, പാക്കിസ്ഥാന്, ചൈന, ശ്രീലങ്ക, ഫിലിപ്പീന്‍സ് തുടങ്ങി വിവിധ രാജ്യങ്ങളിലെ എംബസികളുടെ പ്രത്യേക ഹെല്പ് ഡെസ്കും പൊതുമാപ്പ് കേന്ദ്രത്തില്‍ ആരംഭിച്ചിട്ടുണ്ട്. പൗരന്മാര്ക്ക് അതാത് കൗണ്ടറുകളെ സമീപിച്ച് സഹായം തേടാമെന്നും അധികൃതര്‍ വ്യക്തമാക്കി.