പത്തനംതിട്ട: നിറപ്പുത്തരി പൂജക്കായി ശബരിമല ക്ഷേത്രം ഇന്ന് വൈകുന്നേരം 5 മണിക്ക് തുറക്കും. ഇന്ന് പ്രത്യേക പൂജകള്‍ ഒന്നുമില്ല. നാളെ പുലര്‍ച്ചെ 6നും 6.30നും ഇടക്കാണ് നിറപുത്തരി പൂജ. അച്ചന്‍കോവിലില്‍ ദേവസ്വം ബോര്‍ഡിന്റെ കൃഷി ഭൂമിയില്‍ നിന്ന് കൊണ്ടുവരുന്ന നെല്ക്കതിര് കെട്ടുകളാണ് ക്ഷേത്ര ശ്രീകോവിലില്‍ വച്ച് പൂജ നടത്തുന്നത്. നിറപുത്തരി പൂജയ്ക്ക് ശേഷം കതിര് കെട്ട് തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ശ്രീകോവില്‍ കെട്ടും. പിന്നീട് കതിര് കറ്റകള്‍ അയ്യപ്പഭക്തര്‍ക്ക് വിതരണം ചെയ്യും.
ചിങ്ങമാസ പൂജകള്‍ക്കായി 16ന് വൈകുന്നേരം ക്ഷേത്രനട വീണ്ടും തുറക്കും. തുടര്‍ന്ന് അഞ്ച് ദിവസം ക്ഷേത്രത്തില്‍ പതിവ് പൂജകളും നെയ്യഭിഷേകവും നടക്കും. 21 ന് രാത്രി നട അടയ്ക്കും.
പമ്പാ നദി കരകവിഞ്ഞ് ഒഴുകുന്നതിനാല്‍ തീര്‍ത്ഥാടകര്‍ നിറപുത്തരി പൂജക്ക് എത്തരുതെന്ന നിര്‍ദേശം ദേവസ്വം ബോര്‍ഡും, ജില്ലാ ഭരണകൂടവും നല്‍കിയിട്ടുണ്ട്. നദി കരവിഞ്ഞ് ഒഴുകുന്നതിനാല്‍ ചടങ്ങുകള്‍ നടത്താനായി നെല്‍ കതിര് കൊണ്ടു പോകുന്നതിനും ക്ഷേത്രതന്ത്രിക്ക് ശബരിമലയിലേക്ക് എത്തുന്നതിനുമായി പമ്പാനദി കടക്കാന്‍ സൗകര്യമൊരുക്കണമെന്ന് ദേവസ്വം ബോര്‍ഡ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അതേ സമയം ഇക്കാര്യത്തില്‍ ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ട് വേണ്ട നടപടി സ്വീകരിക്കാമെന്ന് ദേവസ്വം മന്ത്രി അറിയിച്ചു.