ഇടുക്കി: ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ ചെറുതോണി ഷട്ടറിലൂടെ പുറത്ത് വിടുന്ന വെള്ളത്തിന്റെ അളവ് വീണ്ടും വര്‍ധിപ്പിച്ചു. നിലവില്‍ സെക്കന്റില്‍ 7.5 ലക്ഷം ലിറ്റര്‍ എന്നത് പത്ത് ലക്ഷം ലിറ്ററായാണ് ഉയര്‍ത്തിയത്. ഇതോടെ പെരിയാറിന്റെ ഇരു കരകളിലും ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. ഇടുക്കിയില്‍ 2398.28 അടിയാണ് നിലവിലെ ജലനിരപ്പ്. വൃഷ്ടിപ്രദേശത്ത് കനത്ത മഴ പെയ്യുന്നതും മുല്ലപ്പെരിയാര്‍ തുറന്നു വിട്ടതുമാണ് ജലനിരപ്പ് ഉയരാന്‍ കാരണമായത്.
അതേസമയം കനത്ത മഴയില്‍ മൂന്നാര്‍ തപാല്‍ ഓഫിസിനു സമീപം ലോഡ്ജ് തകര്‍ന്ന് ഒരാള്‍ മരിച്ചു. തമിഴ്നാട് സ്വദേശി മദനനാണ് മരിച്ചത്. ലോഡ്ജില്‍ കുടുങ്ങിയ എട്ടില്‍ ഏഴു പേരെയും രക്ഷാപ്രവര്‍ത്തകര്‍ സുരക്ഷിത സ്ഥാനത്തെത്തിച്ചു.
കനത്ത മഴയില്‍ ശബരിമല പൂര്‍ണമായും ഒറ്റപ്പെട്ടിരിക്കുകയാണ്. കനത്ത മഴയില്‍ റാന്നി, വടശ്ശേരിക്കര മേഖലകള്‍ ഒറ്റപ്പെട്ടു. വനമേഖലയില്‍ ഉരുള്‍ പൊട്ടി. ശബരിമലയും വെള്ളപ്പൊക്കത്തെത്തുടര്‍ന്നാണ് ഒറ്റപ്പെട്ടിരിക്കുന്നത്. പമ്പ നദി കരകവിഞ്ഞ് ഒഴുകുകയാണ്.