അബുദാബി: ആഘോഷങ്ങളില്ലാതെ പ്രവാസികളുടെ ഓണം. തിരുവോണദിനത്തിലെ സദ്യയടക്കമുള്ള ആഘോഷ പരിപാടികൾ ഒഴിവാക്കി നാട്ടിലെ പ്രളയക്കെടുതിൽ എല്ലാം നഷ്ടമായ നാട്ടിലെ സഹോദരങ്ങൾക്ക് തങ്ങളാലാവും വിധം പറ്റുന്നതെല്ലാം ചെയ്യുന്ന തിരക്കിലാണ് പ്രവാസികളെല്ലാം.
പ്രവാസികളുടെ ഓണാഘോഷം തിരുവോണദിനം കൊണ്ട് മാത്രം അവസാനിക്കുന്ന ഒന്നല്ല. വിവിധ മലയാളി സംഘടനകളുടെയും കൂട്ടായ്മകളുടെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഓണാഘോഷങ്ങൾ ആഴ്ചകളും മാസങ്ങളുമാണ് നീളാറ്. പൂക്കളവും പുലികളിയും തിരുവാതിരയും സദ്യയുമൊക്കെയായി ഓണം ആഘോഷിക്കാറുള്ള പ്രവാസികൾ ഇത്തവണ തിരുവോണദിനത്തിലെ സദ്യയടക്കമുള്ള ഓണാഘോഷ പരിപാടികൾ ഒഴിവാക്കിയിരിക്കുകയാണ്.
നാട്ടിലെ പ്രളയക്കെടുതിൽ എല്ലാം നഷ്ടമായവർക്കായി ഒരേ മനസോടെയുള്ള പ്രവർത്തനങ്ങളാണ് ഇത്തവണ പ്രവാസികൾ ഓണക്കാലത്ത് ചെയ്യുന്നത്. അബുദാബിയിലെ ഔദ്യോഗിക സംഘടനകളായ ഇന്ത്യാ സോഷ്യൽ സെന്റർ, കേരളാ സോഷ്യൽ സെന്റർ, മലയാളി സമാജം, ഇന്ത്യൻ ഇസ്ലാമിക് സെന്റർ എന്നിവയെല്ലാം ഇത്തവണത്തെ ഓണാഘോഷം മാറ്റിവച്ചു. ആഘോഷങ്ങൾ മാറ്റിവെച്ചതിലൂടെ ദുരിതാശ്വാസ നിധിയിലേക്ക് നല്ലൊരു തുകയെത്തിക്കാൻ കഴിഞ്ഞു ഈ സംഘടനകൾക്ക്.