ന്യൂഡൽഹി: ഡിജിറ്റൽ രംഗത്ത് ഇന്ത്യക്കാർക്ക് വേണ്ടി ഗൂഗിൾ നിർമ്മിച്ച പേയ്മെന്റ് ആപ്പ് ആണ് ടെസ്. എന്നാൽ ടെസ് ഇനി മുതൽ ഗൂഗിൾ പേ എന്നാകും അറിയപ്പെടുക. പേരുമാറ്റത്തോടൊപ്പം പുതിയ ഫീച്ചറുകളും കൂട്ടിച്ചേര്‍ത്ത് ടെസിനെ ജനപ്രിയമാക്കാന്‍ ഒരുങ്ങുകയാണ് ഗൂഗിള്‍. ഡൽഹിയിൽ നടന്ന വാർഷിക പരിപാടിയിലാണ് പുതിയ മാറ്റങ്ങൾ ഗൂഗിൾ പ്രഖ്യാപിച്ചത്.
രാജ്യത്തെ പ്രമുഖ റീടെയില്‍ വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് ഗൂഗിള്‍ പേ വഴി പണമടച്ച് സാധനങ്ങള്‍ വാങ്ങാന്‍ സാധിക്കും. ബിഗ് ബസാര്‍, എഫ് ബി ബി എന്നിവിടങ്ങളില്‍ ഗൂഗിള്‍ പേ വഴി പണമടക്കാനുള്ള സംവിധാനം ഒരുക്കാന്‍ ചര്‍ച്ച നടത്തി വരികയാണ് ഗൂഗിള്‍ .
ഇതിന് പുറമെ എടുത്ത് പറയാവുന്ന മറ്റൊരു പ്രത്യേകത ഗൂഗിൾ പേയിലൂടെ എളുപ്പത്തിൽ ലോൺ നേടാനാകും എന്നതാണ്. ഫെഡറൽ ബാങ്ക്,ഐ.സി.ഐ.സി.ഐ. ബാങ്ക്, എച്ച്.ഡി.എഫ്.സി. ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നീ ബാങ്കുകളിൽനിന്നുള്ള വായ്പയും ഗൂഗിൾ പേ വഴി ലഭ്യമാകും.
എത്ര പണം വായ്പയെടുക്കാം, എത്ര സമയം കൊണ്ട് അടച്ചുതീര്‍ക്കാം തുടങ്ങിയ കാര്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നിശ്ചയിക്കാം. ലോണിന് അപേക്ഷ നല്കി നിമിഷങ്ങള്‍ക്ക് അകം തന്നെ പണം അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യപ്പെടും.
രാജ്യത്തെ യുപിഐ പദ്ധതിയുമായും, പ്രമുഖ ബാങ്കുകളുമായും സഹകരിച്ച് പ്രവർത്തിക്കുന്ന ടെസ് കഴിഞ്ഞ വർഷമാണ് പുറത്തിറക്കിയത്. കേന്ദ്ര ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്ലിയായിരുന്നു ആപ്പ് പുറത്തിറക്കിയത്. ഡിജിറ്റൽ രംഗത്തെ ഇന്ത്യയുടെ കുതിപ്പിനു വേഗത കൂട്ടുന്നതാണ് ഗുഗിളിന്റെ ഈ ചുവടുവയ്പ്പെന്ന് അദ്ദേഹം പറഞ്ഞിരുന്നു.