കുവൈറ്റ്: ഇന്ത്യന്‍ എംബസി കുവൈറ്റില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസി സംഘടനകളുടെ അംഗീകാരം വ്യക്തമാക്കുന്ന പുതുക്കിയ പട്ടിക പുറത്തിറക്കി. 280 പ്രവാസി സംഘടനകള്‍ ഉണ്ടായിരുന്നിടത്തു നിന്നും 68 എണ്ണമായി നിജപ്പെടുത്തിയാണ് പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. രണ്ടു മാസം മുന്‍പ് വെട്ടിച്ചുരുക്കി വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച പട്ടികയില്‍ 96 സംഘടനകള്‍ ഉണ്ടായിരുന്നു. ജില്ലാ അസോസിയേഷനുകള്‍ അടക്കം പ്രാദേശിക സംഘടനകളുടെയും അംഗീകാരമാണ് നഷ്ടമായത്. എംബസി വിളിച്ചു ചേര്‍ത്ത സംഘടനകളുടെ യോഗത്തില്‍ ആരെയും ഒഴിവാക്കുകയില്ലെന്ന് വിശദീകരിച്ചിരുന്നതായി സംഘടനാ ഭാരവാഹികള്‍ പറയുന്നു.
എന്നാല്‍ കഴിഞ്ഞ ദിവസം എംബസി വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച പുതുക്കിയ പട്ടികയില്‍ അംഗീകാര സംഘടനകളുടെ എണ്ണം 68 ആയി ചുരുങ്ങി. നിലവിലുണ്ടായിരുന്ന നൂറ്റിനാല്പതിലേറെ മലയാളി സംഘടനകളില്‍ ഇപ്പോള്‍ 20 സംഘടനകള്‍ക്ക് മാത്രമാണ് രജിസ്ട്രേഷന് നിലനിര്‍ത്തിയിരിക്കുന്നത്. മതത്തിന്റെയും ജാതിയുടേയും വിവിധ രാഷ്ട്രീയ പാര്‍ട്ടി അനുഭാവ സംഘടനകളും കുവൈറ്റില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എംബസിയുടെ പുതിയ മാനദണ്ഡപ്രകാരം 40 വര്‍ഷത്തിലധികമായി പ്രവര്‍ത്തിച്ചുവരുന്ന വിവിധ സംഘടനകളുടെ എംബസി രജിസ്ട്രേഷനാണ് നഷ്ടമായിരിക്കുന്നത്.