എന്താണ് എലിപ്പനി?
ലെപ്ടോസ്പൈറ ജനുസില്‍പ്പെട്ട ഒരിനം സ്പൈറോകീറ്റ മനുഷ്യരില്‍ ഉണ്ടാക്കുന്ന ജന്തുജന്യരോഗമാണ് എലിപ്പനി. പ്രളയബാധിത മേഖലകളിലെ പകര്‍ച്ച വ്യാധികളില്‍ ഏറ്റവും പ്രധാനമാണിത്. ജീവികളുടെ മലമൂത്ര വിസര്‍ജ്യം ജലത്തില്‍ കലര്‍ന്നാണ് എലിപ്പനി പടരുന്നത്.
രോഗവ്യാപനം
രോഗാണുവാഹകരായ എലി, അണ്ണാന്, പശു, ആട്, നായ എന്നിവയുടെ മൂത്രം, വിസര്‍ജ്ജ്യം മുതലായവ കലര്‍ന്ന വെള്ളവുമായി സമ്പര്‍ക്കം വരുന്നവരെയാണ് രോഗം പിടികൂടുന്നത്. തൊലിയിലുള്ള മുറിവുകളില്‍ കൂടിയോ കണ്ണ്, മൂക്ക്, വായ വഴിയോ രോഗാണു മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്നു. രോഗാണു ശരീരത്തില്‍ പ്രവേശിച്ച് കഴിഞ്ഞാല്‍ 4 മുതല്‍ 20 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകും.
ലക്ഷണങ്ങള്‍
പനി, പേശി വേദന (കാല്‍വണ്ണയിലെ പേശികളില്‍) തലവേദന, വയറു വേദന, ഛര്‍ദ്ദി, കണ്ണ് ചുവപ്പ് എന്നിവയാണ് എലിപ്പനിയുടെ പ്രാരംഭ ലക്ഷണങ്ങള്‍. തുടക്കത്തില്‍ തന്നെ ശരിയായ ചികിത്സ നല്കുകയാണെങ്കില് രോഗം പൂര്‍ണ്ണമായും ഭേദമാക്കാം.
ചികിത്സ വൈകരുത്
ആരംഭത്തില്‍ തന്നെ ചികിത്സ ലഭിക്കാത്ത അവസ്ഥയില്‍ രോഗം മൂര്‍ച്ഛിച്ച് കരള്‍, വൃക്ക, തലച്ചോര്‍, ശ്വാസകോശം തുടങ്ങിയ ആന്തരാവയവങ്ങളെ ബാധിക്കുകയും രോഗിയുടെ ജീവന് തന്നെ അപകടത്തിലാവുകയും ചെയ്യും.
മലിനജലവുമായി സമ്പര്‍ക്കം വരുന്ന അവസരങ്ങളില്‍ കയ്യുറ, മുട്ട് വരെയുള്ള പാദരക്ഷകള്‍, മാസ്ക് തുടങ്ങിയ വ്യക്തി സുരക്ഷാ ഉപാധികള്‍ ഉപയോഗിക്കുക. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും, മലിനജലവുമായി സമ്പര്‍ക്കം വന്നവരും ഡോക്സിസൈക്ലിന്‍ ഗുളിക 200 മില്ലിഗ്രാം (100 മില്ലി ഗ്രാമിന്റെ രണ്ട് ഗുളികകള്‍) ആഴ്ചയിലൊരിക്കല്‍ കഴിക്കണം. മലിനജലവുമായി സമ്പര്‍ക്കം തുടരുന്നത്രയും കാലം ഗുളികയും തുടരണം.
എലിപ്പനിയുടെ പ്രാരംഭ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍തന്നെ, ആരോഗ്യപ്രവര്‍ത്തകരുമായി ബന്ധപ്പെടുകയോ ആശുപത്രികളെ സമീപിക്കുകയോ ചെയ്യണം. ഒരു കാരണവശാലും സ്വയം ചികിത്സ ചെയ്യരുത്.
താലൂക്ക് ആശുപത്രികള്‍ മുതല്‍ മുകളിലേക്കുള്ള എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും എലിപ്പനിക്ക് കിടത്തി ചികിത്സാ സംവിധാനം ഉണ്ട്. പ്രധാന ചികിത്സാ മാര്‍ഗങ്ങളായ ഡോക്സിസൈക്ലിന്‍ ഗുളിക, പെന്സിലിന് ഇഞ്ചക്ഷന് എന്നിവയുടെ ലഭ്യത ഉറപ്പ് വരുത്തിയിട്ടുണ്ട്.