തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കലോത്സവം ആഘോഷമില്ലാതെ നടത്തിയേക്കും. വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നഷ്ടമാകരുതെന്നു വ്യക്തമാക്കി കലോല്‍സവ നടത്തിപ്പിനുളള നടപടികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന് തത്വത്തില്‍ അംഗീകാരം നല്കി. കലോത്സവം ഒഴിവാക്കുമെന്ന തീരുമാനത്തില്‍ വിവിധ കോണുകളില്‍ നിന്ന് എതിര്‍പ്പുയര്‍ന്നതോടെയാണ് കലോത്സവം നടത്താന്‍ തീരുമാനമായത്.
കലോത്സവ മാന്വല്‍ പരിഷ്കരിക്കാനും നീക്കമുണ്ടെന്നും സൂചനയുണ്ട്. മുഖ്യമന്ത്രി അമേരിക്കയില്‍ നിന്ന് തിരിച്ചെത്തിയ ശേഷമാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുക. ആഘോഷമില്ലാതെ സ്കൂള്‍ കലോല്‍സവം നടത്തി കുട്ടികള്‍ക്കു ഗ്രേസ് മാര്‍ക്ക് ലഭ്യമാക്കുന്ന കാര്യം അടിയന്തരമായി പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നു മന്ത്രി ഇ.പി.ജയരാജന് നേരത്തെ അറിയിച്ചിരുന്നു.