കൊച്ചി: ചാരക്കേസിനു പിന്നില്‍ കോണ്‍ഗ്രസിലെ എ വിഭാഗവും മുസ്ലിം ലീഗുള്‍പ്പെടെയുള്ള ഒരുകൂട്ടം ഘടകകക്ഷികളുമായിരുന്നെന്ന് മുന്‍ മന്ത്രി ടി എച്ച് മുസ്തഫ. ഗൂഢാലോചനയില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്ക് വ്യക്തമാണന്നും കരുണാകരനെ നശിപ്പിക്കുകയും എ ഗ്രൂപ്പിന് മുഖ്യമന്ത്രി സഥാനം നേടി എടുക്കുകയുമായിരുന്നു ലക്ഷ്യമെന്നും മുസ്തഫ പറഞ്ഞു. ജീവിച്ചിരിക്കുന്ന കുറ്റവാളികളെ കുറിച്ച് പറയാതെ മരിച്ചവരുടെ തലയില്‍ കുറ്റം കെട്ടിവയ്ക്കുന്നത് അവസരവാദ രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും മുസ്തഫ കുറ്റപ്പെടുത്തി.
ചാരക്കേസിന് പിന്നില്‍ കെ. മുരളീധരന് പറയും പോലെ നരസിംഹറാവു അല്ലെന്നും പത്മജ പറയും പോലെ 5 കോണ്‍ഗ്രസുകാര്‍ മാത്രമല്ലെന്നുമാണ് കെ. കരുണാകരന്റെ വിശ്വസ്തനായിരുന്ന മുന്‍ മന്ത്രി ടി എച്ച് മുസ്തഫയുടെ വെളിപ്പെടുത്തല്‍.
വിഷയത്തില്‍ കെ.മുരളീധരന്റെ പ്രതികരണത്തെ അവസരവാദ രാഷ്ട്രീയത്തിന്റെ ഭാഗമായാണ് മുസ്തഫ വിലയിരുത്തിയത്. ചാരക്കേസ് ഗൂഢാലോചനയില്‍ കോണ്‍ഗ്രസിന് പങ്കില്ലെന്ന് പറഞ്ഞ എം. എം ഹസന് രാജിവെയ്ക്കണമെന്നും ഗൂഢാലോചനയില്‍ പങ്കാളികളായ നേതാക്കള്‍ പൊതുജനങ്ങളോട് മാപ്പ് പറയണമെന്നും മുസ്തഫ ആവശ്യപ്പെട്ടു.
പാലക്കാട് വെടിവെപ്പുമായി ബന്ധപ്പെട്ട അതൃപ്തിയാണ് മുസ്ലിം ലീഗിനെ മറുപക്ഷത്തെത്തിച്ചത്. പത്മജയുടെ ഇടപെടലുകള്‍ ഘടകകക്ഷികളില്‍ പൊതുവില്‍ അതൃപ്തിക്ക് ഇടയാക്കി. ചാരക്കേസിലെ ഗൂഡാലോചന സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് എഐസിസിക്ക് കത്തയക്കുമെന്നും മുസ്തഫ കൊച്ചിയില്‍ പറഞ്ഞു.