ഇടുക്കി: ഇടുക്കി പൂപ്പാറയ്ക്ക് സമീപം മൂലത്തറയില്‍ ഒറ്റയാന്റെ ആക്രമണത്തില്‍ ഏലത്തോട്ടം വാച്ചര്‍ കൊല്ലപ്പെട്ടു. പുതുപ്പാറ എസ്റ്റേറ്റ് വാച്ചര്‍ മുത്തയ്യ എന്ന മുത്തുവാണ് ചില്ലിക്കൊമ്പന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. രാവിലെ മുത്തയ്യയും സഹപ്രവര്ത്തകന് പരമിശവനും തോട്ടത്തില്‍ എത്തിയിരുന്നു. മഴയും മൂടല്‍ മഞ്ഞും കാരണം ഒറ്റയാന് മുന്നില്‍ വന്നത് ഇരുവരുടേയും ശ്രദ്ധയില്‍ പെട്ടില്ല. ഓടി രക്ഷപെടുവാന്‍ ശ്രമിച്ചെങ്കിലും ആന മുത്തയ്യയെ തുമ്പിക്കൈ കൊണ്ട് അടിച്ച് വീഴ്ത്തിയ ശേഷം ചവിട്ടുകയായിരുന്നു. രക്ഷപെട്ട പരമശിവന് എസ്റ്റേറ്റിലെ മറ്റ് ജോലിക്കാരെയും കൂട്ടി സ്ഥലത്ത് എത്തി ആനയെ ഓടിച്ചെങ്കിലും ഈ സമയത്തിനുള്ളില്‍ മുത്തയ്യ മരിച്ചിരുന്നു.
കൊച്ചി ധനുഷ്ക്കോടി ദേശീയപാതയില്‍ നിന്നും 700 മീറ്ററോളം ഉള്ളിലേയ്ക്ക് മാറിയാണ് സംഭവം നടന്നത്. ആക്രമണത്തിനു ശേഷം ഉള്ളിലേയ്ക്ക് കയറിയ ആന എസ്റ്റേറ്റില്‍ തന്നെ നിലയുറപ്പിച്ചിരിക്കുകയാണ്. നാല് മാസത്തിനുള്ളില്‍ രണ്ടാമത്തെ കാട്ടാന ആക്രമണമാണ് ഇവിടെ ഉണ്ടാകുന്നത്. ജൂണ്‍ മാസത്തില്‍ വാച്ചറായ വേലു കാട്ടാന ആക്രമണത്തില്‍ മരിച്ചിരുന്നു.ഒരു വര്‍ഷത്തിനുള്ളില്‍ നാലാമത്തെ കാട്ടാന ആക്രമണവുമാണിത്.