അമേരിക്കയുടെ എതിർപ്പുകൾ മറികടന്ന് റഷ്യയിൽ നിന്നും നാലു യുദ്ധകപ്പലുകൾ വാങ്ങാനുള്ള തീരുമാനവുമായി ഇന്ത്യ മുന്നോട്ട്.അടുത്ത മാസം റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ഇന്ത്യയിലെത്തുമ്പോഴാകും കരാറിൽ ഒപ്പ് വയ്‌ക്കുക.
റഷ്യയിൽ നിന്നും ആയുധങ്ങളും,മിസൈലുകളും വാങ്ങിയ ചൈനയ്‌ക്ക് യു എസ് ഉപരോധം ഏർപ്പെടുത്തിയിരുന്നു.എന്നാൽ ഉടമ്പടിയുമായി മുന്നോട്ട് പോകാൻ തന്നെയാണ് ഇന്ത്യയുടെ തീരുമാനം.
2.2 ബില്യൺ ഡോളർ വിലമതിക്കുന്ന കരാർ അനുസരിച്ച് അത്യാധുനികമായ തൽവാർ ശ്രേണിയിൽപ്പെട്ട യുദ്ധകപ്പലുകളാകും ഇന്ത്യക്കു ലഭിക്കുക. ഇതിൽ രണ്ട് കപ്പലുകൾ ഗോവയിലാകും നിർമ്മിക്കുക.
പ്രതിരോധ മേഖലയിൽ റഷ്യയുമായുള്ള ദീർഘകാല ബന്ധം യുഎസുമായി നടന്ന ചർച്ചകളിലെല്ലാം ഇന്ത്യ വ്യക്തമാക്കിയിരുന്നു.നേരത്തെ റഷ്യയുമായുള്ള മിസൈൽ ഇടപാടിന്റെ പേരിൽ ഇന്ത്യയ്‌ക്കു മേലും ഉപരോധം ഏർപ്പെടുത്തുമെന്ന് അമേരിക്ക ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ ഈ ഭീഷണിയ്‌ക്കു മുന്നിൽ മുട്ടുമടക്കില്ലെന്നും, കരാർ ഉപേക്ഷിക്കില്ലെന്നും പ്രതിരോധമന്ത്രി നിർമല സീതാരാമനും വ്യക്തമാക്കി















