കുവൈറ്റ് സിറ്റി : കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ മന്ത്രാലയത്തിന് കീഴിലെ മനോരോഗകേന്ദ്രത്തില് ചികിത്സതേടിയത് 87,120 പേരെന്ന് റിപ്പോര്‍ട്ട്. ലോക മാനസികാരോഗ്യദിനാചരണത്തിന്റെ ഭാഗമായി മനോരോഗകേന്ദ്രം ഡയറക്ടര്‍ ഡോ.നായിഫ് അല്‍ ഹര്‍ബിയാണ് ഇക്കാര്യം അറിയിച്ചത്. 2017 ഒക്ടോബര്‍ ഒന്നുമുതല്‍ 2018 ഒക്ടോബര്‍ ഒന്നുവരെയുള്ള റിപ്പോര്‍ട്ട് പ്രകാരം 66,854 സ്വദേശികളും 20,266 പ്രവാസികളുമാണ് ചികിത്സതേടിയത്. 60,000 പേര് ഇതില്‍ തുടര്‍ ചികിത്സ നടത്തുന്നവരാണ്. 75ശതമാനം രോഗികള്‍ക്കും 26 വയസ്സ് മുതലാണ് മനോരോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നതെന്നും അടുത്തകാലത്തായി ചെറിയവരില്പ്പോലും ആത്മഹത്യപ്രവണത കൂടിവരുന്നുണ്ടെന്നും ഡോ.നായിഫ് അല്‍ ഹര്‍ബി പറഞ്ഞു.
ഭീതി, മാനസിക സംഘര്‍ഷം തുടങ്ങി എല്ലാവിധ മനോരോഗങ്ങള്‍ക്കും ചികിത്സയുണ്ടെന്നും കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ വകുപ്പുകളും സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.