രാവിലെ ആറരക്ക് ഇത്തിഹാദ് വിമാനത്തിൽ അബുദാബിയിൽ ഇറങ്ങുന്ന മുഖ്യൻ പകൽ ഔദ്യോഗിക യോഗങ്ങളിൽ പങ്കെടുക്കും. വൈകിട്ട് ഏഴരക്ക് ഇന്ത്യൻ വ്യവസായികളുടെ കൂട്ടായ്മയായ ഐ.പി.ബി.ജി ദുസിത് താനി ഹോട്ടലിൽ സംഘടിപ്പിക്കുന്ന യോഗത്തിൽ വിവിധ ഇന്ത്യൻ സംഘടനാ പ്രതിനിധികളും വ്യവസായ പ്രമുഖരുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച്ച നടത്തും. 18 വ്യാഴാഴ്ച്ച വൈകിട്ട് ഏഴ് മണിക്ക് അബുദാബി ഇന്ത്യാ സോഷ്യൽ സെന്ററിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ 2500 ഓളം വരുന്ന പ്രവാസി മലയാളി സമൂഹത്തെ അഭിസംബോധന ചെയ്ത് മുഖ്യമന്ത്രി സംസാരിക്കും. പ്രളയത്തിൽ തകർന്ന കേരളത്തിന്റെ പുനഃസൃഷ്ടിക്ക് പ്രായോഗികമായ സഹായങ്ങൾ പ്രവാസികളിൽ നിന്നും ആരായും. പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം യു.എ.ഇ സഹിഷ്ണുതാ വകുപ്പ് മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറഖ് അൽ നഹ്യാൻ നിർവഹിക്കും. ഇന്ത്യാ സോഷ്യൽ സെന്റർ ചെയർമാൻ എം.എ.യൂസഫലി അദ്ധ്യക്ഷത വഹിക്കും. ഇന്ത്യാ സോഷ്യൽ സെന്ററിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഗതാഗത സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ വിശദീകരിച്ചു. മുസഫ എൻ.പി.സി.സി, ഐക്കാഡ് ഫാത്തിമ സൂപ്പർമാർക്കറ്റ്, അൽനൂർ ഹോസ്പിറ്റൽ, മഫ്റഖ് ചൈനാക്ലേ എന്നിവിടങ്ങളിൽ നിന്നും വൈകിട്ട് ആറുമണിക്ക് വാഹനസൗകര്യമുണ്ടാവും.