പ്രളയനാന്തര കേരളത്തിന്റെ പുനർനിർമാണ ചർച്ചകളിൽ ക്രിയാത്മക നിർദേശങ്ങൾ സമാഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജനം ടിവി പുനർജനി എന്ന ആശയ സമാഹരണ വേദി ഒരുക്കിയത്. ദുരിതാശ്വാസ, ഭരണ നിർവഹണ തലങ്ങളിലുള്ള പ്രഗത്ഭരുടെ അഭിപ്രായങ്ങളും, ആശയങ്ങളും ക്രോഡീകരിച്ച് കേന്ദ്ര, സംസ്ഥാന ഭരണ തലങ്ങളിൽ എത്തിക്കുക എന്നതാണ് പുനർജനി കൊണ്ട് ഉദ്ദേശിക്കുന്നത്. ഇന്നലെ, അബുദാബിയിൽ നടന്ന പരിപാടി വിദദ്ധരുടെ സജീവ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. മെട്രോമാൻ ഇ ശ്രീധരൻ, ദുരന്തനിവാരണ വിദഗ്ധൻ മുരളി തുമ്മാരുകുടി, സുരേഷ് ഗോപി എം പി, മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ, ആർക്കിടെക്റ്റ് ജി ശങ്കർ, യാത്രികൻ സന്തോഷ് ജോർജ്ജ് കുളങ്ങര സംവിധായകൻ രാജസേനൻ എന്നിവർ നവകേരള നിര്‍മാണത്തിനായുള്ള നൂതന ആശയങ്ങൾ പരിപാടിയിൽ അവതരിപ്പിച്ചു. അബുദാബി ഐ എസ് സി പ്രസിഡന്റ് രമേശ് വി പണിക്കർ,, വ്യവസായി അറ്റ്ലസ് രാമചന്ദ്രൻ, ഭാരതീയ മസ്ദൂർ സംഘം ദേശീയ പ്രസിഡന്റ് അഡ്വ സജി നാരായണൻ, അബുദായിലെ ഇന്ത്യൻ എംബസിയെ പ്രതിനിധീകരിച്ച് ഡോ. സോനാ സോമൻ എന്നിവരും പരിപാടിയിൽ പങ്കെടുത്തു. വൈകിട്ട് ഏഴു മണിക്കാരംഭിച്ച ചടങ്ങുകളിൽ പങ്കെടുക്കാൻ ആറു മണിക്ക് തന്നെ യു എ ഇ യുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രവാസി മലയാളികൾ ഐ എസ് സി ഹാളിൽ എത്തിച്ചേർന്നിരുന്നു. ജനം ടി വി മാനേജിങ് ഡയറക്ടർ പി വിശ്വരൂപൻ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ജനം ടി വി സി എഫ് ഓ യു എസ് കൃഷ്ണകുമാർ, പ്രോഗ്രാം ഹെഡ് രാജീവ് കോടമ്പിള്ളി, മാർക്കറ്റിംഗ് ഹെഡ് രാജേഷ് മേനോൻ, ജനം സൗഹൃദവേദി ഭാരവാഹികൾ എന്നിവരും പരിപാടിയിൽ സംബന്ധിച്ചു.
—