തിരുവനന്തപുരം: മന്ത്രി സ്ഥാനം ഒഴിയുന്ന മാത്യു ടി തോമസ് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന് രാജി കത്ത് നല്‍കും. ചിറ്റൂര്‍ എംഎല്‍എയും ജെഡിഎസ് സംസ്ഥാന പ്രസിഡന്റുമായ കെ.കൃഷ്ണന്‍കുട്ടി പകരം മന്ത്രി ആകും. മാത്യു ടി തോമസിനെ മാറ്റി കെ.കൃഷ്ണന്‍കുട്ടിയെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ജനതാദള്‍ എസ് ദേശീയ അധ്യക്ഷന്‍ ദേവഗൗഡയുടെ കത്ത് നേതൃത്വം മുഖ്യമന്ത്രിയ്ക്ക് കൈമാറിയിട്ടുണ്ട്. മന്ത്രിസ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കാന്‍ ജനതാദള്‍ എസ് സംസ്ഥാന നേതാക്കള്‍, ദേവഗൗഡയുമായി നടത്തിയ ചര്‍ച്ചയിലായിരുന്നു മന്ത്രിയെ മാറ്റാനുള്ള തീരുമാനം. അതേസമയം നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കെ വൈകാതെ തന്നെ കൃഷ്ണന്‍കുട്ടി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.