MovieEntertainment

തലൈവര്‍ മരണമാസ്; തിയേറ്ററുകള്‍ പൂരപ്പറമ്പാക്കി വിസ്മയങ്ങള്‍ തീര്‍ത്ത് 2.0

രജനികാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രം യന്തിരന്‍ 2.0 തിയേറ്ററുകളിലെത്തി. ഇന്ത്യന്‍ സിനിമയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ മറ്റൊരു ചിത്രം കൂടി. ആര്‍പ്പുവിളികളും ആഘോഷങ്ങളുമായാണ് സ്‌റ്റൈല്‍ മന്നന്റെ ചിത്രത്തെ ആരാധകര്‍ വരവേറ്റത്. ഇന്ത്യ ഇതു വരെ കാണാത്ത ദൃശ്യ വിസ്മയങ്ങളും സാങ്കേതിക മികവും ചിത്രം കാഴ്ചവെയ്ക്കുന്നു.

കേരളത്തിലും വമ്പന്‍ സ്വീകരണമാണ് 2.0 ക്ക് ലഭിച്ചത്. 450 തിയേറ്ററുകളിലാണ് കേരളത്തില്‍ ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. വെളുപ്പിന് നാലു മണിക്കായിരുന്നു ചിത്രത്തിന്റെ കന്നി പ്രദര്‍ശനം. തിയേറ്ററുകളെല്ലാം ഹൗസ്ഫുള്ളായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍.

തലൈവര്‍ ചിട്ടിയിലൂടെ കൊലമാസ് എന്‍ട്രി നടത്തിയെന്ന് സിനിമ കണ്ട് പുറത്തിറങ്ങിയ കേരളത്തിലെ ജനങ്ങളുടെ സാക്ഷ്യം.

ചിട്ടിയുടെ മാസ് വരവോടെ തിയേറ്റര്‍ ഇളകി മറിഞ്ഞു. 2ഡിയിലും 3ഡിയിലും പുറത്തിറങ്ങിയ ചിത്രം ആസ്വാദനത്തിന് പൂര്‍ണ്ണത ലഭിക്കണമെങ്കില്‍ 3ഡിയില്‍ തന്നെകാണണമെന്ന് പ്രേക്ഷക പക്ഷം.

രജനികാന്തിന്റെ താരപ്രഭയ്ക്കുമപ്പുറം ചിത്രത്തില്‍ നായക സ്ഥാനത്തിന് മാറ്റു കൂട്ടുന്നത് പ്രതിനായക വേഷം അവതരിപ്പിച്ച അക്ഷയ് കുമാറാണ്.

അണ്ണന്‍ വേറെ ലെവലെന്നു സിനിമ കണ്ടിറങ്ങിയ തമിഴ് മക്കള്‍ പ്രതികരിച്ചു. ചിലര്‍ വിഎഫ്എക്‌സ് ‘കൊഞ്ചം അധികമല്ലവാ’ യെന്നും സംശയിക്കുന്നുണ്ട്. എന്നാല്‍ ലോകത്ത് ലഭിക്കാവുന്നതില്‍ ഏറ്റവും ക്വാളിറ്റി തന്നെയാണ് ചിത്രത്തിലവതരിപ്പിച്ചിരിക്കുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. കിടിലന്‍ വിഷ്വല്‍ ട്രീറ്റെന്ന് ആരാധകരും സാക്ഷ്യപ്പെടുത്തുന്നു.

സംവിധാനവും തിരക്കഥയും ഒരുക്കിയിരിക്കുന്നത് എസ്. ശങ്കര്‍ തന്നെയാണ്. ശക്തമായ തിരക്കഥയും മായിക ലോക സൃഷ്ടിയും ചിത്രത്തെ വേറെ തലത്തിലെത്തിക്കുന്നു. 2.0 ഹോളിവുഡ് ഫിലിം ഫീല്‍ നല്‍കുന്നുവെന്നാണ് ന്യൂജെന്‍ അഭിപ്രായപ്പെടുന്നത്. ചിത്രം ഇന്ത്യന്‍ സിനിമയ്ക്ക് അഭിമാനമാകുമെന്നതില്‍ സംശയമില്ല.

വെളുപ്പിന് മുതല്‍ സ്ത്രീകളും കുട്ടികളുമടക്കം വലിയ തിരക്കാണ് തിയേറ്ററുകളില്‍ അനുഭവപ്പെടുന്നത്.

ചിത്രത്തില്‍ രജനികാന്തിന്റെ ഫസ്റ്റ് എന്‍ട്രി വന്നപ്പോള്‍ പല തിയേറ്ററുകളിലും ആരാധകര്‍ക്ക് ആഘോഷിക്കാന്‍ 4-5 മിനിറ്റ് സിനിമ നിര്‍ത്തി
വെച്ചു.
യന്തിരന്റെ രണ്ടാം ഭാഗമായാണ് ചിത്രം നിര്‍മ്മിച്ചതെങ്കിലും ആദ്യ ഭാഗത്തിന്റെ തുടര്‍ച്ചയായല്ല ചിത്രം. എന്നാല്‍ ചിട്ടിയും വസീഗരനും തന്നെയാണ് ലീഡ് ചെയ്യുന്നത്.

ചിത്രത്തില്‍ രജനികാന്തിന്റെ മേക്കോവര്‍ പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്നു. ചിത്രത്തിലുടനീളം നാലോളം വ്യത്യസ്ത ഗെറ്റപ്പുകളിലാണ് സ്റ്റൈല്‍ മന്നന്‍ എത്തുന്നത്.

2.0 ല്‍ വിദേശ സുന്ദരി എമി ജാക്‌സനാണ് നായിക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. നായികയെന്ന നിലയില്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ എമിക്കു കഴിഞ്ഞു. റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിന്റെ ശബ്ദമിശ്രണം ചെയ്തിരിക്കുന്നത്.

600 കോടിയാണ് ചിത്രത്തിന്റെ മുടക്കുമുതല്‍. ചിത്രത്തിന് ലഭിച്ച സ്വീകരണം ബോക്‌സോഫീസിലും പ്രതിഫലിക്കുമെന്നാണ് വിശ്വസിക്കുന്നത്.

3K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close