തിരുവനന്തപുരം : വനിതാ മതിൽ സംഘാടനത്തിനായി യോഗം വിളിക്കാൻ പഞ്ചായത്ത് സെക്രട്ടറിമാർക്ക് സർക്കാർ നിർദേശം.വ്യാഴാഴ്ച്ച വൈകിട്ട് യോഗം വിളിക്കാനാണ് പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർ സെക്രട്ടറിമാർക്ക് അയച്ച സർക്കുലറിൽ പറയുന്നത്.
ശബരിമലയിലെ ആചാര സംരക്ഷണത്തിനായി ശബരിമല കർമ്മ സമിതി സംഘടിപ്പിച്ച അയ്യപ്പജ്യോതി വൻ വിജയമായതിന്റെ പശ്ചാത്തലത്തിലാണ് വനിതാ മതിലിൽ പരമാവധി ആളുകളെ ഉൾപ്പെടുത്താൻ തിരക്കിട്ട പരിപാടികൾ ആസൂത്രണം ചെയ്യുന്നത്.
സ്ക്വാഡുകളായി പ്രവർത്തിച്ച് ആളുകളെ പങ്കെടുപ്പിക്കാൻ ശ്രമിക്കണമെന്നാണ് സർക്കുലറിലെ നിർദേശം.ഇതിനായി ഐ സിഡി എസ് സൂപ്പർവൈസർമാർ,കുടുംബശ്രീ പ്രവർത്തകർ,അംഗൻവാടി പ്രവർത്തകർ,ആശാ പ്രവർത്തകർ,തൊഴിലുറപ്പ് മേറ്റുമാർ,സാക്ഷരതാ പ്രേരക്മാർ,എസ് സി എസ് ടി പ്രൊമോട്ടർമാർ എന്നിവരുടെ സംയുക്ത യോഗം അടിയന്തിരമായി വിളിക്കണമെന്നാണ് സർക്കുലറിൽ ആവശ്യപ്പെടുന്നത്.
വനിതാ മതിലിന്റെ വിജയത്തിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ നിർദേശങ്ങൾ നൽകണമെന്നും സർക്കുലറിൽ പറയുന്നു.
ഇതിനു മുന്നോടിയായി 29 ന് വാർഡ് തലത്തിൽ കുടുംബശ്രീ പ്രവർത്തകർ,അംഗൻ വാടി ജീവനക്കാർ, ആശാ പ്രവർത്തകർ,തൊഴിലുറപ്പ് മേറ്റുമാർ,സാക്ഷരതാ പ്രേരക്മാർ,എസ് സി എസ് ടി പ്രൊമോട്ടർമാർ എന്നിവരുടെ യോഗം എ ഡി എസ് / സിഡി എസ് മാരുടെ നേതൃത്വത്തിൽ ചേരും.