Movie Reviews

യെ നയാ ഹിന്ദുസ്ഥാൻ ഹെ ; യെ ഘർ മെം ഘുസേഗാ ഭീ ഔർ മാരേഗാ ഭീ

വായുജിത്

ദേശീയ പതാക പുതച്ചു കിടക്കുന്ന കേണൽ മുനീന്ദ്ര നാഥ് റായിയുടെ ഭൗതിക ദേഹത്തിനു മുന്നിൽ കണ്ണീരോടെ ഗൂർഖ റെജിമെന്റിന്റെ മുദ്രാവാക്യം മുഴക്കിയ മകളെ ഓർമ്മയുണ്ടോ ? 11 വയസ്സുകാരി അൽക്ക റായുടെ മുദ്രാവാക്യം മുഴക്കിയുള്ള ആ സല്യൂട്ട് ഏതൊരു ഭാരതീയനേയും കണ്ണീരണിയിക്കുന്നതായിരുന്നു. അന്ന് സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പ്രചരിക്കപ്പെട്ട് നാമത് കണ്ടിട്ടുണ്ട് . കരഞ്ഞിട്ടുമുണ്ട്.

ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച മേജർ കരൺ കശ്യപിന്റെ മകൾ സുഹാനി അച്ഛന്റെ ഭൗതിക ദേഹത്തിനു മുന്നിൽ നിന്ന് റെജിമെന്റിന്റെ വാർ ക്രൈ ഉച്ചത്തിൽ വിളിക്കുന്ന നിമിഷം. ഉദ്വേഗജനകമായ നിമിഷങ്ങൾ കൊണ്ട് സമൃദ്ധമായ ഉറി ദ സർജിക്കൽ സ്ട്രൈക്ക് സിനിമയിൽ നമ്മൾ കരഞ്ഞു പോകുന്നത് ഇവിടെ മാത്രമാണ്. എത്രയൊക്കെ മറയ്ക്കാൻ ശ്രമിച്ചാലും തീയറ്ററുകളിലിരുന്ന ഓരോരുത്തരുടെയും കണ്ണിൽ ആ കണ്ണീരിന്റെ തിളക്കമുണ്ടായിട്ടുണ്ടാകും. സംശയമില്ല.

ഒരു സംഭവ കഥയെപ്പറ്റി സിനിമയെടുക്കുമ്പോൾ അതിന്റെ പിന്നിലുള്ളവർക്ക് നേരിടേണ്ടി വരുന്ന നിരവധി പ്രശ്നങ്ങളുണ്ട്. ക്ലൈമാക്സ് നേരത്തെ നിർണയിക്കപ്പെട്ടു കഴിഞ്ഞതാണ് . പ്രേഷകർക്ക് അത് നേരത്തെ തന്നെ അറിയാം . അതിനൊപ്പം സംഭവ കഥയോട് പ്രേഷകർ പ്രതീക്ഷിക്കുന്ന തരത്തിൽ നീതി പുലർത്തുകയും വേണം. സംഭവത്തിന്റെ ചൂടും വൈകാരികതയും ഒട്ടും ചോർന്നു പോകാനും പാടില്ല.

അങ്ങനെ നോക്കുമ്പോൾ സെപ്റ്റംബർ 29 ന് നടന്ന ഭാരതത്തിന്റെ അഭിമാനമായ സർജിക്കൽ സ്ട്രൈക്കിന്റെ കഥ പറയുന്ന ഉറി -ദ സർജിക്കൽ സ്ട്രൈക്ക് സിനിമയുടെ അണിയറക്കാർ വിജയിച്ചുവെന്ന് പറയണം.ഹോളിവുഡ് സിനിമയെ അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ള യുദ്ധ രംഗങ്ങൾ , സന്ദർഭത്തിനനുസരിച്ചുള്ള കിടിലൻ ശബ്ദമിശ്രണം , ശ്വാസം പിടിച്ചിരുന്നുപോകുന്ന രംഗങ്ങൾ , ഒന്നാന്തരം ക്യാമറ വർക്ക് , ഒപ്പം പാര എസ്.എഫിന്റെ വീര്യം ഒട്ടും ചോർന്നു പോകാത്ത തരത്തിലുള്ള സൈനിക നീക്കങ്ങൾ , ഇതിനെല്ലാമുപരി രാഷ്ട്രത്തിന്റെ അഭിമാനം ഉയർത്തിപ്പിടിക്കുന്ന സിനിമ , അതെ ഉറി ഓരോ ഭാരതീയനും ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട സിനിമ തന്നെയാണ്.

ഇന്ത്യൻ സൈന്യം മ്യാൻമർ അതിർത്തിയിൽ നടത്തുന്ന ഭീകരവിരുദ്ധ നീക്കവും പിന്നീട് പാക് ഭീകരർ നടത്തുന്ന ഉറി ആക്രമണവും തീവ്രത ചോരാതെ സിനിമയിൽ അവതരിപ്പിച്ചിട്ടുണ്ട്. ഉറിക്ക് ബദലായി ഇന്ത്യയുടെ ചരിത്ര നീക്കം സർജിക്കൽ സ്ട്രൈക്കിന്റെ ആസൂത്രണവും ഏകോപനവും നിർവ്വഹണവും പരിമിതികൾക്കുള്ളിൽ നിന്ന് നന്നായി ചിത്രീകരിക്കാൻ സംവിധായകൻ ആദിത്യ ധറിനു കഴിഞ്ഞു. ഒരു രഹസ്യ ഓപ്പറേഷന്റെ നല്ലൊരു പങ്കും അജ്ഞാതമായി തന്നെ തുടരുമെന്നതിനാൽ പരിമിതമായ വിവരങ്ങളായിരിക്കണം സംവിധായകനു ലഭിച്ചിട്ടുണ്ടാകുക. അത് പരമാവധി ഉപയോഗിച്ച് സിനിമയെ മികവുറ്റതാക്കാൻ സംവിധായകൻ ശ്രമിച്ചു. അതിൽ സംശയമില്ല തന്നെ.

ഉജ്ജ്വലമായ ഫൈറ്റിംഗ്/ഷൂട്ടിംഗ് സീനുകൾ ചിത്രത്തിന്റെ സവിശേഷത തന്നെയാണ്. ഒരു പക്ഷേ ഇന്ത്യൻ സിനിമയിൽ ഇത്ര യാഥാർത്ഥ്യത്തോടെ മിലിട്ടറി രംഗങ്ങൾ ആവിഷ്കരിച്ചിട്ടുണ്ടോ എന്ന് സംശയമുണ്ട് . ചടുലമായ രംഗങ്ങൾ പ്രേഷകനെ ശ്വാസം പിടിച്ചിരുത്തുമെന്നതിൽ തർക്കമില്ല. സിനിമ കണ്ടിറങ്ങുമ്പോൾ പെട്ടെന്ന് തീർന്നു പോയല്ലോ എന്ന തോന്നലാണുണ്ടാകുന്നത്. അത് സിനിമയുടെ വിജയം തന്നെയാണ്.ഇത്തരം ഓപ്പറേഷനുകളിൽ സാധാരണയായി കാണാത്തെ വൺ ടു വൺ സംഘട്ടനങ്ങൾ സിനിമയിൽ ഉള്ളത് ചെറിയൊരു പോരായ്മയായി നമുക്ക് തോന്നാം . എങ്കിലും അതിനു സാദ്ധ്യതയൊരുക്കാൻ വേണ്ടി ചെയ്യാവുന്നതെല്ലാം സംവിധായകൻ ചെയ്തിട്ടുണ്ട്.

വിഹാൻ സിംഗ് ഷെർഗിൽ എന്ന സ്പെഷ്യൽ ടീം തലവന്റെ കഥാപാത്രം വിക്കി കൗശൽ ഭദ്രമാക്കി. രൂപത്തിലും ഭാവത്തിലും ഡയലോഗ് പ്രസന്റേഷനിലും വിക്കി സ്പെഷ്യൽ ഫോഴ്സ് മേജർ തന്നെയായി മാറി. ഇതിനു വേണ്ടി അഞ്ചു മാസം നീണ്ട കഠിനമായ പരിശീലനമാണ് വിക്കി നടത്തിയത് . ഇടയ്ക്ക് സംഘട്ടന രംഗത്തിൽ പരിക്കേറ്റെങ്കിലും അതു വകവയ്ക്കാതെ ആയിരുന്നു അഭിനയിച്ചത്.

ഇന്ത്യൻ രഹസ്യാന്വേഷണ രംഗത്തെ അതികായൻ അജിത് ഡോവലിനെ ആസ്പദമാക്കിയുള്ള കഥാപാത്രം സിനിമയിലെ ഗോവിന്ദ് ജിയെ അവതരിപ്പിക്കുന്നത് പരേഷ് റാവലാണ് . വിഹാൻ സിംഗിനൊപ്പം നിൽക്കുന്ന കഥാപാത്രം തന്നെയാണ് ഗോവിന്ദ് ജി. പരേഷ് റാവ്ൽ അത് ഭംഗിയായി തന്നെ അവതരിപ്പിച്ചു. സിനിമ കണ്ടിറങ്ങുമ്പോൾ മനസ്സിൽ തങ്ങി നിൽക്കുന്ന കഥാപാത്രമായി മാറും ഗോവിന്ദ് ജി. പല്ലവി ശർമ്മയെന്ന റോയുടെ രഹസ്യ ഏജന്റായി എത്തിയ യാമി ഗൗതത്തിന് സിനിമയിൽ വലുതായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. അത് സ്വാഭാവികമാണ് താനും. കീർത്തി കുലാരിയുടെ എയർഫോഴ്സ് ഓഫീസർ സീരത്ത് കൗർ ആണ് കുറച്ചു കൂടി മനസ്സിൽ തങ്ങി നിൽക്കുക.

പ്രധാനമന്ത്രി , പ്രതിരോധ മന്ത്രി , ആഭ്യന്തര മന്ത്രി എന്നീ കഥാപാത്രങ്ങളായെത്തിയവരിൽ മികച്ചു നിൽക്കുന്നത് പ്രതിരോധ മന്ത്രിയായെത്തിയ യോഗേഷ് സോമൻ തന്നെയാണ് . മോദിയുടെ മട്ടും ഭാവവും പകർത്താൻ രജിത് കപൂറിനു പൂർണമായും കഴിഞ്ഞോ എന്ന് സംശയമുണ്ട് .രാജ്നാഥ് സിംഗിന്റെ റോളിൽ നവ്ജെത് ഹുൻഡാൽ പക്ഷേ ഒട്ടും പാകമായില്ല. മിതേഷ് മിർചന്ദാനിയുടെ ക്യാമറ വർക്ക് കിടിലമായെന്നതിൽ സംശയമില്ല. സൈനിക രംഗങ്ങളുടെ ചിത്രീകരണവും ഫ്രെയിമുകളും ഒന്നാന്തരമായിരുന്നു. തീയറ്റർ കിടുങ്ങുന്ന ശബ്ദമിശ്രണം എടുത്തു പറയേണ്ട പ്രത്യേകതയാണ്. സ്റ്റെഫാൻ റിച്ചറുടെ സംഘട്ടന സംവിധാനം മിലിട്ടറി ഓപ്പറേഷൻസിന്റെ ഗാംഭീര്യം ചോരാതെ പ്രേഷകനു മുന്നിൽ എത്തിച്ചിട്ടുണ്ട്.

എല്ലാറ്റിനുമുപരി പാകിസ്ഥാന്റെ ബ്ലീഡ് ഇന്ത്യ പ്രോജക്ടിന് ഇന്ത്യ നൽകിയ മറുപടിയുടെ ദൃശ്യാവിഷ്കാരം , അത് ഓരോ ഭാരതീയനേയും അഭിമാന പുളകിതരാക്കും . യേ നയാ ഹിന്ദുസ്ഥാൻ ഹേ , യെ ഘർ മേ ഘുസേഗാ ഭീ ഓർ മാരേഗാ ഭീ എന്നത് ചിത്രത്തിലെ കേവലമൊരു ഡയലോഗ് മാത്രമല്ല , ഓരോ ഇന്ത്യക്കാരന്റെയും ആഗ്രഹവും പ്രതീക്ഷയും കൂടിയാണ് . നിഴൽ യുദ്ധം നടത്തുന്ന ശത്രുവിനെ എങ്ങനെ പ്രതിരോധിക്കണമെന്ന അവന്റെ ആവശ്യം കൂടിയാണ് ആ ഡയലോഗിലൂടെ മുന്നോട്ട് വയ്ക്കപ്പെടുന്നത്.

‌അതുകൊണ്ട് തന്നെ സിനിമ കണ്ടിറങ്ങുന്നവരോട് ചോദിക്കൂ.. ഹൗ ഈസ് ദ ജോഷ് ..

അവർ ഒരേ സ്വരത്തിൽ പറയും ..

ഹൈ സർ !

വായുജിത്

ചീഫ് സബ് എഡിറ്റർ : ജനം ടിവി

10K Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close