ന്യൂഡല്‍ഹി: ദേശീയ കായിക ദിനത്തിന് മുന്നോടിയായി രാജ്യത്തെ വിദ്യാര്‍ഥികളുമായും യുവാക്കളുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി സംവദിക്കും. വ്യാഴാഴ്ച രാവിലെ 11ന് നടക്കുന്ന ‘ഖേലോ ഇന്ത്യ ഡയലോഗ്’ പരിപാടിയിലൂടെയാണ് പ്രധാനമന്ത്രി യുവാക്കളുമായി ആശയവിനിമയം നടത്തുന്നത്. മേരാ യുവ ഭാരത് ആണ് പരിപാടി സംഘടിപ്പിക്കുന്നത്.
വീഡിയോ കോണ്‍ഫറന്‍സിലൂടെ നടക്കുന്ന പരിപാടിയില്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമുള്ള ഓരോ ജില്ലയില്‍നിന്നും രണ്ട് കോളജുകളിലെ വിദ്യാര്‍ഥികള്‍ പങ്കെടുക്കും. കായികം, യുവജന നേതൃത്വം, സാമൂഹിക ഉത്തരവാദിത്തം, രാജ്യനിര്‍മാണം തുടങ്ങിയ വിഷയങ്ങള്‍ സംവാദത്തില്‍ പ്രധാനമായി ഉയരും.
‘യുവ സംവാദ്’ എന്ന പ്രധാന സെഷനില്‍ കായിക അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍, പരിശീലന സൗകര്യങ്ങള്‍, സ്പോര്‍ട്സ് സയന്‍സ് സംവിധാനങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യും. രാജ്യത്തെ യുവ കായികപ്രതിഭകളെ കണ്ടെത്തി ദീര്‍ഘകാല പരിശീലനം നല്‍കുന്നതും ഭാവിയിലെ ഒളിമ്പിക്സ് ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള തയ്യാറെടുപ്പുകളും പരിപാടിയുടെ ഭാഗമാകും.
യുവജനങ്ങളുടെ നേതൃത്വശേഷി, സന്നദ്ധപ്രവര്‍ത്തനം, ഭരണസംവിധാനങ്ങളിലെ പങ്കാളിത്തം, സാമൂഹിക ഉത്തരവാദിത്തം എന്നിവയും ചര്‍ച്ചയാകും. കായികരംഗത്തെയും സാമൂഹിക കൂട്ടായ്മകളെയും ഉപയോഗപ്പെടുത്തി ലഹരിവിരുദ്ധ ബോധവത്കരണം ശക്തമാക്കുന്നതും ചര്‍ച്ച ചെയ്യും. ‘നശാ മുക്ത് യുവ’ ക്യാമ്പയിന് കൂടുതല്‍ യുവാക്കളിലേക്ക് എത്തിക്കുന്നതിനുള്ള ആശയങ്ങളും വിദ്യാര്‍ഥികള്‍ പങ്കുവെക്കും.
ദേശീയ പരിപാടിക്ക് ശേഷം വിവിധ ജില്ലകളില്‍ വിദ്യാര്‍ഥികള്‍, മൈ ഭാരത് വോളണ്ടിയര്‍മാര്‍, കായികതാരങ്ങള്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കുന്ന പ്രാദേശിക സംവാദങ്ങളും സംഘടിപ്പിക്കും. പ്രമുഖ ഇന്ത്യന്‍ കായികതാരങ്ങളുമായും മെഡല്‍ ജേതാക്കളുമായും സംവദിക്കാനുള്ള അവസരവും വിദ്യാര്‍ഥികള്‍ക്ക് ലഭിക്കും.















