ന്യൂഡല്‍ഹി: പ്രാറ്റ് ആന്റ് വിറ്റ്നി എന്ജിന് ഘടിപ്പിച്ച ഇന്‍ഡിഗോയുടെ വിമാനം തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് തിരിച്ചിറക്കി. ലഖ്നൗവില്‍ നിന്ന് ജയ്പൂരിലേക്ക് പോകേണ്ടിയിരുന്ന വിമാനമാണ് പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ ലഖ്നൗ വിമാനത്താവളത്തില്‍ തന്നെ തിരിച്ചിറക്കിയത്. വിമാനത്തിന്റെ എന്‍ജിനില്‍ നിന്ന് അതിശക്തിയായ വിറയല്‍ അനുഭവപ്പെട്ടതോടെയാണ് പൈലറ്റ് വിമാനം തിരിച്ചിറക്കിയത്. വിദഗ്ധസംഘത്തിന്റെ നേതൃത്വത്തില്‍ ഈ വിമാനത്തില്‍ പരിശോധനകള്‍ പുരോഗമിക്കുകയാണെന്ന് ഇന്‍ഡിഗോ പ്രസ്താവനയിലൂടെ വ്യക്തമാക്കി.
പ്രാറ്റ് ആന്‍ഡ് വിറ്റ്നി(പി ആന്‍ഡ് ഡബ്ല്യു) എന്‍ജിനുകള്‍ ഉപയോഗിക്കുന്ന എയര്‍ബസ് എ 320 നിയോ വിമാനങ്ങളില്‍ വ്യാപകമായി തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇത്തരം വിമാനങ്ങള്‍ ഒഴിവാക്കാന്‍ ഡി.ജി.സി.എ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ കോടതി ഈ നിര്‍ദേശം ഒഴിവാക്കണമെന്ന് ഉത്തരവിടുകയും, എല്ലാ വിമാനങ്ങളും സര്‍വീസ് നടത്തേണ്ടതില്ലെന്ന വാദം അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കുകയുമായിരുന്നു. 2018ല്‍ മാത്രം ഇന്‍ഡിഗോ പറത്തുന്ന ഇത്തരം വിമാനങ്ങള്‍ക്ക് 69 തവണയാണ് തകരാര്‍ സംഭവിച്ച് തിരിച്ചിറക്കിയത്. ഇന്‍ഡിഗോയും, ഗോ എയറുമാണ് പ്രധാനമായും ഇവ ഉപയോഗിക്കുന്നത്. ഇത്തരം നൂറിലേറെ വിമാനങ്ങളാണ് ഇന്ത്യയില്‍ സര്‍വീസ് നടത്തുന്നത്.