തിരുവനന്തപുരം: സംസ്ഥാനത്ത് ഘട്ടം ഘട്ടമായി കീടനാശിനി വിമുക്തമാക്കുമെന്ന് കൃഷി മന്ത്രി വി.എസ് സുനില്‍ കുമാര്‍. ഗ്ലൈഫോസേറ്റ് എന്ന കീടനാശിനിയുടെ വില്പനയും വിതരണവും നിരോധിച്ചതായും അദ്ദേഹം അറിയിച്ചു. ആവാസ വ്യവസ്ഥയ്ക്കും പൊതുജനാരോഗ്യത്തിനും ദോഷകരമാകുമെന്നതിനാലാണ് നിരോധനം.
കീടനാശിനി ഉപയോഗം നിയന്ത്രിക്കാന്‍ ശക്തമായ നടപടികളാണ് കൃഷിവകുപ്പ് കൈക്കൊള്ളുന്നത്. കൃത്യമായ ഇടവേളകളില്‍ ഇന്സ്പെക്ഷന് നടത്താനുള്ള നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
അതേസമയം, നിരോധിത കീടനാശിനികളെക്കുറിച്ച് കര്‍ഷകര്‍ക്ക് ശാസ്ത്രീയമായി അറിവ് നല്‍കാനോ പാലിക്കേണ്ട സുരക്ഷാക്രമീകരണങ്ങള്‍ സംബന്ധിച്ച് പരിശീലനം നല്‍കാനോ നിലവില്‍ കൃഷി വകുപ്പിന് സംവിധാനങ്ങളില്ല. ഇത്തരത്തിലുള്ള നിരോധിത കീടനാശിനികള്‍ സംസ്ഥാനത്തൊട്ടാകെ വിറ്റഴിക്കുന്നുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കുന്നു.
1971 ലെ കീടനാശിനി നിയമം അനുസരിച്ച് കീടനാശിനികള്‍ കൈകാര്യം ചെയ്യുമ്പോള്‍ പാലിക്കപ്പെടേണ്ട സുരക്ഷാ മാനദണ്ഡങ്ങള്‍ പാക്കറ്റില്‍ വ്യക്തമാക്കണം. ഇത് പാലിക്കപ്പെടുന്നുണ്ടോയെന്ന് കൃഷിവകുപ്പാണ് ഉറപ്പാക്കേണ്ടത്. എന്നാല്‍ ഇതൊന്നും തത്വത്തില്‍ പാലിക്കപ്പെടുന്നില്ല.