വാഷിംങ്ടണ്‍: മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില് നിര്‍മ്മിക്കുമെന്ന നിലപാടിലുറച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മതില് നിര്‍മ്മാണം എന്തൊക്കെ സംഭവിച്ചാലും പൂര്‍ത്തിയാക്കുമെന്നാണ് ട്രംപിന്റെ നിലപാട്.
രാജ്യസുരക്ഷ മുന്‍നിര്‍ത്തിയാണ് മതില് നിര്‍മ്മിക്കുന്നത്. അതിനാല്‍തന്നെ ആരും പിന്തുണച്ചില്ലെങ്കിലും മതില് നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന് ട്രംപ് പറഞ്ഞു.
മെക്സിക്കന്‍ മതില് ബില്‍ സെനറ്റില്‍ പാസാക്കിയില്ലെങ്കില്‍ ഭരണ സ്തംഭനം വരെ ഉണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
മതില് നിര്‍മ്മാണത്തിന് അഞ്ച് ബില്യണ്‍ ഡോളര്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ബില്‍ ഡെമോക്രാറ്റുകള്‍ നിസ്സഹകരണം പ്രഖ്യാപിച്ചതോടെ സെനറ്റില്‍ പരാജയപ്പെട്ടിരുന്നു. അനധികൃത കുടിയേറ്റം തടയുന്നതിനാണ് മെക്സിക്കന്‍ അതിര്‍ത്തിയില്‍ അമേരിക്ക മതില് നിര്‍മ്മിക്കാനൊരുങ്ങുന്നത്.
ആയിരം കോടി ഡോളറിലേറെ ചെലവുവരുന്ന പദ്ധതിയാണ് അമേരിക്കന്‍ അതിര്‍ത്തിയില്‍ പണികഴിപ്പിക്കുന്ന മെക്സിക്കന്‍ മതില്.