തിരുവനന്തപുരം: ക്ഷേത്രങ്ങളില്‍ പൂജ, നിവേദ്യം എന്നിവയ്ക്ക് അരളിപ്പൂവിന് വിലക്ക് ഏര്‍പ്പെടുത്താന്‍ ഇപ്പോള്‍ തീരുമാനമില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. അരളിയിലെ വിഷാംശം സംബന്ധിച്ച് ശാസ്ത്രീയ പരിശോധനാ ഫലം വന്നതിനു ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് പറഞ്ഞു.
അരളിപ്പൂ മരണകാരണമാകുമെന്ന് ആധികാരികമായ റിപ്പോർട്ട് ലഭിച്ചിട്ടില്ല. അങ്ങനെ റിപ്പോർട്ട് കിട്ടിയാൽ ഉപയോഗം നിരോധിക്കുന്ന കാര്യം ഗൗരവമായി ആലോചിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു. ഇതു സംബന്ധിച്ചു തീരുമാനമെടുക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ഇന്നു ചേരുന്നുണ്ട്. ഇതിനു മുൻപാണു ബോർഡ് പ്രസിഡന്റ് നിലപാടു വ്യക്തമാക്കിയത്.
വിഷാംശം സംബന്ധിച്ച വാര്‍ത്തകള്‍ വന്നതോടെ അരളി ഉപയോഗിക്കേണ്ടെന്ന പൊതു നിര്‍ദ്ദേശം ഉയര്‍ന്നതോടെയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇക്കാര്യം ചര്‍ച്ച ചെയ്തത്. ഹരിപ്പാട് അരളിപ്പൂവും ഇലയും കടിച്ചത് യുവതിയുടെ മരണത്തിനു കാരണമായെന്നു റിപ്പോര്‍ട്ടുകള്‍ വന്നതിനു പിന്നാലെയാണ് ഇത്തരമൊരു നിർദേശം ഉയർന്നത് .