Movie Reviews

പൊട്ടി ചിരിച്ചു കൊണ്ട് ഒരു സിനിമയുടെ സീരിയസ് ക്ലൈമാക്സ് സീനുകൾ കണ്ടിട്ടുണ്ടോ ഇല്ലെങ്കിൽ കുമ്പളങ്ങി നൈറ്റ്സ് കാണണം

4.5/5 - പ്രജേഷ് കുമാർ

നിങ്ങൾ ഇന്നേ വരെ, പൊട്ടി ചിരിച്ചു കൊണ്ട് ഒരു സിനിമയുടെ കട്ടസെൻറി/ സീരിയസ് / ക്ലൈമാക്സ് സീനുകൾ കണ്ടിട്ടുണ്ടോ ഇല്ലെങ്കിൽ കുമ്പളങ്ങി നൈറ്റ്സ് കാണണം.

ഒരു തരി പോലുo അമിത ഭാവാഭിനയ പ്രകടനമില്ലാതെ ബോധപൂർവം നിർമ്മിച്ചെടുക്കുന്ന ഹാസ്യരംഗങ്ങളുടെ ചളിപ്പ് ഇല്ലാതെ തികച്ചും തന്മയത്വത്തോടെയുള്ള മുഴുനീള ലളിത ഹാസ്യ രംഗങ്ങൾ.

കുമ്പളങ്ങിക്കാരനായ നെപ്പോളിയന്റെ നാല് (3+1) മക്കളുടെ ജീവിതത്തെ അടിസ്ഥാനമാക്കി വികസിക്കുന്ന കഥ. പാട്ണർഷിപ്പിൽ ഒരു തേ‌പ്പ് കടയുളള മൂത്ത പുത്രൻ സജിയും ( സൗ ബിൻ) ബോബിയും (ഷെയിൻ നിഗം) തമ്മിലുളള പ്രശ്നങ്ങൾ, മറ്റു രണ്ട് സഹോദരന്മാരായ ബോണി ( ശ്രീനാഥ് ഭാസി ) ഫ്രാങ്കി (മാത്യു തോമസ് ) ഇവർ തമ്മിലുള്ള ഇഷ്ടങ്ങളും കുറുമ്പുകളും ഉള്ള ജീവിത കഷ്ടപ്പാടുകളിലേക്ക് ഒരു സ്ത്രീ വന്നെത്തുന്നതോടെ അവർക്കിടയിൽ മുളപൊട്ടുന്ന സൗഹാർദ്ദമായ കുടുംബാന്തരീക്ഷവുo പ്രേക്ഷകരെ ആ പൊട്ടിപൊളിഞ ,(ഫ്രാങ്കിയുടെ ഭാഷയിൽ പറഞ്ഞാൽ പഞ്ചായത്തിലെ ഏറ്റവുo ദുരന്തം വീട് ) വീടിന്റെ വാത്സല്യത്തണലിൻ തളച്ചിടാൻ പാകത്തിലുള്ളതാണ്.

ഫഹദ് തന്റെ വളരെ ചെറിയ മുഖചലനങ്ങളും ശരീരഭാഷ കൊണ്ടും ഷമ്മി എന്ന സൈക്കോ കഥാപാത്രത്തെ കൃത്യമായി അവതരിപ്പിച്ചു. ഷമ്മിയുടെ ഭാര്യയായ സിനി (ഗ്രേസ് ആന്റണി ) ഭർത്താവിനെ പേടിയോടെ കാണുന്ന ഒരു ടിപ്പിക്കൽ ഒരു പുതുപ്പെണ്ണിന്റെ കൃത്യതയാർന്ന ഭാവപ്പകർച്ച എടുത്തു പറയാതെ വയ്യ. സിനിയുടെ അനിയത്തി ബോബിയുടെ കാമുകിയായ ബേബി എന്ന കഥാപാത്രമാണ് പുതുമുഖമായ അന്ന ബെന്നി ചെയ്തത്. സിറ്റ്വേഷണൽ കോമഡികൾ കൊണ്ട് ആൺ കഥാപാത്രങ്ങളോടൊപ്പം തന്നെ ബേബിയുo ഏറെക്കുറെ ഓടിയെത്തുന്നുണ്ട് .

സ്വന്തമായി ( ഭാര്യ വീട്ടുകാർ) നടത്തുന്ന ഹോം സ്റ്റേയിൽ രാത്രി ഒളിഞ്ഞുനോട്ടത്തിനിടെ കാൽ തെറ്റി വീണ് ശബ്ദമുണ്ടായതോടെ ഹോം സ്റ്റേ യുടെ മുൻ വാതിലിലേക്ക് ഓടി വന്ന് പെട്ടെന്ന് സദാചാരവാദിയാകുന്ന ഫഹദിന്റെ കഥാപാത്രവും ബാഹ്യ സൗന്ദര്യ സങ്കൽപങ്ങളെ പൊളിച്ച് കളയുന്ന തരത്തിൽ ഉളള്ള പ്രണയജോഡികളുo (ബോബിയുടെ സുഹൃത്തുക്കൾ) നിലവിലെ സാമൂഹ്യ പ്രശ്നങ്ങളെ ചെറുതായി അഡ്രസ് ചെയ്യുന്നുണ്ട് ഈ സിനിമ . കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായി സൈബർ അക്രമം നേരിടേണ്ടി വന്ന കണ്ണുരിലെ ചെറുപുഴയിലെ നവദമ്പതികളുടെ അനുഭവത്തിന്റെ വെളിച്ചത്തിൽ പ്രത്യേകിച്ചും.

സിനിമയുടെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ രാത്രിക്ക് പ്രധാന്യമുള്ള സീനുകളാണ് സിനിമയുടെ മറ്റൊരു ഭംഗി. കണ്ണിമ ചിമ്മാൻ തോന്നാത്തത്ര ദൃശ്യമനോഹാരിതയുള്ളതാണ് ഒരോ സീനും. രാത്രിയിൽ ബോണിയോട് ഭാര്യയെ കൂട്ടി കടൽവെള്ളത്തിലെ നീല വെളിച്ചം (ഇതിന് എന്തോ പേര് പറയുന്നുണ്ട്, ) കാണിച്ചു കൊടുക്കുന്ന രംഗങ്ങളൊക്കെ അതി മനോഹരമായി കാമറമാൻ ഷൈജു ഖാലിദ് പകർത്തി വെച്ചിട്ടുണ്ട്.

റിയലിസ്റ്റിക്ക് ആയ നാട്ടിൻ പുറത്തെ സംഭാഷണങ്ങൾ കൊണ്ട് ശ്യാംപുഷ്കറും ആഷിക് അബുവിന്റെ അസിസ്റ്റന്റായിരുന്ന കൈയ്യടക്കമുള്ള സംവിധാനം കൊണ്ട് മധു സി നാരായണനുമാണ് ഈ ചിത്രത്തിന്റെ ശില്പികൾ. ചുരുക്കത്തിൽ നൊമ്പരത്തിനിടയിലും മനസ് നിറഞ്ഞ് ചിരിച്ചു കാണാൻ പറ്റിയ അസ്സൽ സിനിമ.

പ്രജേഷ് കുമാർ

930 Shares
Back to top button
Close