ന്യൂഡൽഹി: ആത്മാഭിമാനമുള്ള ആർക്കും കോൺഗ്രസിൽ തുടരാനാവില്ലെന്ന് പാർട്ടിയിൽ നിന്ന് രാജിവച്ച് ബിജെപിയിൽ ചേർന്ന മുതിർന്ന കോൺഗ്രസ് നേതാവ് ടോം വടക്കൻ. രാജ്യത്തിനെതിരായ കോൺഗ്രസിന്റെ നിലപാട് അംഗീകരിക്കാനാവില്ല. ഉപയോഗിച്ച ശേഷം വലിച്ചറിയുന്ന സ്ഥിതിയാണ് കോൺഗ്രസിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
പുൽവാമ ആക്രമത്തിനെ തുടർന്ന് കോൺഗ്രസ് സ്വീകരിച്ച നിലപാടിൽ പ്രതിഷേധിച്ചാണ് പാർട്ടി വിടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിതാഷായ്ക്കും നന്ദി അറിയിക്കുന്നുവെന്നും ടോം വടക്കൻ ബിജെപി ദേശീയ ആസ്ഥാനത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു.
സോണിയ ഗാന്ധിയുടെ അടുത്ത അനുയായിയും എഐസിസി മുൻ സെക്രട്ടറിയുമായിരുന്ന ടോം വടക്കൻ ഇന്നാണ് ബിജെപിയിൽ ചേർന്നത്. ഡൽഹി ബിജെപി ആസ്ഥാനത്ത് വച്ച് നടന്ന വാർത്താ സമ്മേളനത്തിൽ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിൽ നിന്നാണ് അദ്ദേഹം പാർട്ടി അംഗത്വം സ്വീകരിച്ചത്.