ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിന്റെ 48 മണിക്കൂറിന് മുന്‍പ് പ്രകടന പത്രിക പുറത്തിറക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്. നിര്‍ദ്ദിഷ്ട സമയത്തിന് ശേഷം പ്രകടന പത്രിക പുറത്തിറക്കാന്‍ സാധിക്കില്ല. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പാര്‍ട്ടികള്‍ അവസാന നിമിഷം വാഗ്ദാനപ്പെരുമഴ നടത്തുന്നുവെന്ന ആക്ഷേപം ശക്തമായതോടെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തില്‍ ഭേദഗതി വരുത്തിയാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരുത്തിയത്.
കഴിഞ്ഞ തവണ വരെ പ്രകടനപത്രിക പുറത്തിറക്കുന്ന സമയം സംബന്ധിച്ച് പെരുമാറ്റച്ചട്ടത്തില്‍ സൂചിപ്പിക്കാത്തതിനാല്‍ നടപടികളൊന്നും ഉണ്ടായിരുന്നില്ല. ഈ പ്രതിസന്ധി ഒഴിവാക്കാനാണ് പെരുമാറ്റച്ചട്ടത്തില്‍ ഭേദഗതി വരുത്തിയത്. നിശബ്ദ പ്രചാരണത്തിന്റെ സമയത്ത് രാഷ്ട്രീയ നേതാക്കള്‍ മാധ്യമങ്ങളുമായി സംസാരിക്കാന്‍ പാടില്ലെന്നും വാര്‍ത്ത സമ്മേളനങ്ങളും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അഭിമുഖങ്ങള്‍ നടത്തരുതെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.