IndiaColumns

ഗോവയെ പരീക്കർ മാറ്റിയെടുത്തത് ഇങ്ങനെയൊക്കെയാണ്

രഞ്ജിത് രവീന്ദ്രൻ

വികസനവും പ്രകൃതി സംരക്ഷണവും പരസ്പരം കൂട്ടി മുട്ടാത്ത പാതകളാണ് എന്ന് കരുതുന്നവര്‍ക്കുള്ള പഠന കേന്ദ്രമാണ് ഇന്നത്തെ ഗോവ. മനോഹര്‍ ഗോപാലകൃഷ്ണ പ്രഭു പരീക്കറിന്റെ വികസന വീക്ഷണം തന്നെ പ്രകൃതിയും വനവും മനുഷ്യനും സഹവര്‍ത്തിത്വത്തിലൂടെ ജീവിക്കുന്ന ഒരു സമൂഹമാണ്. ഭാരതത്തിലെ തന്നെ ഏറ്റവും ജനകീയന്‍ ആയ മുഖ്യമന്ത്രിമാരില്‍ ഒരാളായിരുന്നു ശ്രീ പരീക്കർ.

ഇന്ത്യയിലെ ആദ്യ ഐഐറ്റിയന്‍ മുഖ്യമന്ത്രിയായ പരിഖര്‍ തന്നെയാണ് വികസന രാഷ്രീയം എന്ന മുദ്രാവാക്യം ഇന്ത്യയില്‍ നടപ്പില്‍ വരുത്തി തുടങ്ങിയതും. 23% റവന്യു വരുമാനവും ഖനനത്തിലൂടെ ലഭിച്ചിരുന്ന ഒരു സംസ്ഥാനത്ത് പ്രകൃതി സംരക്ഷണം എന്നത് നടപ്പില്‍ വരുത്തുക അതീവ ദുഷ്കരമായ യത്നം തന്നെയാണ് . ഒപ്പം സംസ്ഥാനത്തെ തന്നെ കൈപ്പിടിയില്‍ഒതുക്കി നിര്‍ത്താന്‍ വെമ്പല്‍ പൂണ്ട് നില്‍ക്കുന്ന ഖനി മാഫിയയും അഴിമതിയും പക്ഷെ അതിനെ അതിജീവിച്ച് ഭരണ നിര്‍വ്വഹണ നിര്‍വ്വഹണത്തിലും പ്രകൃതി സംരക്ഷണത്തിലും വികസനത്തിലും ഏറ്റവും മുന്‍പന്തിയിലുള്ള മറ്റു സംസ്ഥാനങ്ങളുടെ കൂട്ടത്തിലേക്ക് ഗോവക്കും എത്താനായി.

ഗോവന്‍ വികസനത്തിന്‍റെ ഏറ്റവും വലിയ ശത്രു അതിന്‍റെ ഭൂപ്രകൃതി തന്നെ ആണ് . ഒറ്റപ്പെട്ട തുരുത്തുകളിലെ ഗ്രാമീണ ജനതക്ക് നഗരവും അതുകൊണ്ട് തന്നെ സമൂഹത്തിന്‍റെ മുഖ്യധാരയും തികച്ചും അപ്രാപ്യമായിരുന്നു . മനോഹര്‍ പരീക്കർ ഗവര്‍മെന്റ് രണ്ടു ലക്ഷ്യങ്ങളാണ് കൃത്യമായി ആസൂത്രണം ചെയ്തു നടപ്പിലാക്കിയ പാലങ്ങളുടെയും റോഡുകളുടെയും നിര്‍മ്മാണത്തിലൂടെ നേടിഎടുത്തത് . അതിലൊന്ന് ആ ഗ്രാമീണ ജനങ്ങളെ സംസ്ഥാനത്തിന്‍റെ മുഖ്യധാരയിലേക്ക് എത്തിക്കുക എന്നതായിരുന്നു എങ്കില്‍ രണ്ടാമത്തേത് ഗോവന്‍ ബീച്ചുകളില്‍ മാത്രമായി ഒതുങ്ങിയിരുന്ന ടൂറിസത്തിന് ഗോവയുടെ പ്രകൃതി സൌന്ദര്യത്തിലേക്ക് വാതില്‍ തുറക്കയായിരുന്നു .പാലങ്ങളിലൂടെ ജനതയെ കൂട്ടിയിണക്കുന്ന പദ്ധതിക്ക് നല്ല ഉദാഹരണമാണ് ടിറക്കല്‍ ഗ്രാമം ഏതാണ്ട് അര നൂറ്റാണ്ട് കാലമായി തികച്ചും ഒറ്റെപ്പട്ടു ഇവിടെ കഴിഞ്ഞു വരുകയായിരുന്നു മുന്നോറോളം ആളുകള്‍. ഏതാണ്ട് 78 കോടി മുതല്‍മുടക്കില്‍ ഗോവയുടെ വടക്കന്‍ ഭാഗത്തെ തെക്കുമായി കൂട്ടി യോജിപ്പിക്കുന്ന പാലത്തിന്‍റെനിര്‍മ്മാണത്തോടെ ആ ജനതയുടെ ഇത്ര നാളത്തെ ഒറ്റപ്പെടലിനും വിരാമാമാകുകയാണ്. കാല്‍വിം , കൊര്‍ജ്വം പോയിറ പാലങ്ങളെ കൂട്ടി ഇണക്കി വിഭാവനം ചെയ്യുന്ന പദ്ധതി ടൂറിസം വികസനം ലക്ഷ്യമിട്ടുള്ളതാണ് .

ഊര്‍ജ സംരക്ഷണം , പുനരുപയോഗിക്കാനാവുന്ന ഊര്‍ജ സ്രോതസ്സുകളുടെ പ്രോത്സാഹനം ഇവയും ഗവര്‍മെന്റിന്റെ മുഖ്യ കാര്യപരിപാടികളില്‍ പെടുന്നു . എനെര്‍ജി ആന്‍ഡ് റിസോര്‍സ് ഇന്‍സ്റ്റിട്യുറ്റ് ഓഫ്ഗോവ ഹരിത സര്‍ട്ടിഫിക്കേറ്റ് നല്‍കുന്ന വീടുകള്‍ക്ക് 25% വരെ നല്‍കുന്ന നികുതി ഇളവ് ഇതിന്‍റെ ഭാഗമാണ്. പതിനഞ്ച് ലക്ഷം ജനങ്ങള്‍ മാത്രം അധിവസിക്കുന്ന ഒരു ചെറിയ സംസ്ഥാനമാണ് ഗോവ . പരീക്കറിന്റെ തന്നെ വാക്കുകള്‍ കടമെടുത്താല്‍ പതിനഞ്ചു ലക്ഷം വിഐപി കള്‍ . ജനസംഖ്യ കുറയുന്നതോടെ ഓരോ വ്യക്തിക്കും ലഭിക്കേണ്ടുന്ന പരിഗണനയും കൂടുന്നു . അത് കൃത്യമായി നല്‍കുന്നു എന്നതാണ് പരീക്കറെ തികച്ചും വ്യത്യസ്തനായ മുഖ്യമന്ത്രിയാക്കിയത്.

വീണ്ടും മുഖ്യമന്ത്രിയായി അധികാരമേറ്റശേഷം ഏതാണ്ട് 1500 ഫോണ്‍ കോളുകളാണ് അദ്ദേഹത്തെ തേടി ഓരോ ദിവസവും എത്തിക്കൊണ്ടിരുന്നത് . ഏതൊരു വികസിത ദേശത്തിന്‍റെയും മുഖ മുദ്ര കൃത്യമായ മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതികളാണ് . ഏതാണ്ട് അഞ്ചു കോടി രൂപക്കടുത്ത് വരുന്ന വിപുലമായ പദ്ധതിക്കാണ് ഗോവാ ഗവന്മേന്റ്റ് രൂപം കൊടുത്തത് . സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലായി രണ്ടു ലക്ഷത്തോളം മാലിന്യ നിക്ഷേപിണികൾ സ്ഥാപിച്ച് അവിടെ നിന്ന് കൃത്യമായി മാലിന്യം ശേഖരിച്ച് സംസ്കരിക്കാനുള്ള നടപടികളും ഒപ്പം വീടുകളില്‍ നിന്ന് മാലിന്യം ശേഖരിക്കാനുള്ള നടപടികളും നടപ്പിലാക്കി . ശാസ്ത്രീയ മാര്‍ഗങ്ങളിലൂടെ മാലിന്യ സംസ്കരണം നടത്താന്‍ പ്ലാന്റുകളും ഈ പദ്ധതിയുടെ ഭാഗമാണ്.

ജനസംഖ്യയില്‍ ഭൂരിപക്ഷവും ഇരുചക്ര വാഹനങ്ങള്‍ ഉപയോഗിക്കുന്ന ഒരു സംസ്ഥാനം കൂടിയാണ് ഗോവ. പെട്രോള്‍ വിലയില്‍ പതിനൊന്നു രൂപ കുറച്ച് ജനങ്ങളുടെ ചുമലില്‍ നിന്ന് വലിയൊരു ഭാരം ഒഴിവാക്കാന്‍ സര്‍ക്കാരിനായി.പെട്രോളിന്റെ വാറ്റ് വെട്ടി കുറച്ചതിലൂടെ നേരിട്ട അധിക സാമ്പത്തിക ബാദ്ധ്യതയെ അദ്ദേഹം നേരിട്ടത് മദ്യത്തിന്റെ നികുതി 16% ഉയർത്തി കൊണ്ടായിരുന്നു . മൂന്ന് ലക്ഷം രൂപയിൽ കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങളെ അടുത്ത അഞ്ചു വർഷത്തിൽ വന്നേക്കാവുന്ന പാചക വാതക വില വർദ്ധനവിൽ നിന്നും ഒഴിവാക്കി. ഈ രണ്ട് നടപടികളിലൂടെ ഗോവൻ മദ്ധ്യവർത്തി സമൂഹത്തിന്റെ രണ്ട് പ്രശ്നങ്ങൾക്കാണ് പരീക്കർ പരിഹാരം കണ്ടെത്തിയത് .

സ്ത്രീ ശാക്തീകരണമാണ് അടുത്ത മേഖല .മദ്ധ്യപ്രദേശിനും ഗുജറാത്തിനും പിന്നാലെ ലാഡ്ലി ലക്ഷ്മി യോജന നടപ്പാക്കിയ സംസ്ഥാനം കൂടിയാണ് ഗോവ . ഈ പദ്ധതിപ്രകാരം പ്രായപൂര്‍ത്തിയായ ഓരോ പെണ്‍കുട്ടിക്കും ഒരു ലക്ഷം രൂപ വീതം ലഭിക്കും . ആ തുക വിദ്യാഭ്യാസത്തിനോ വിവാഹത്തിനോ ഉപയോഗിക്കാം. വീട്ടമ്മമാര്‍ക്ക് മാസം ആയിരം രൂപ വീതം നല്‍കുന്ന പദ്ധതിയും ഗോവ നടപ്പില്‍ വരുത്തി . സ്ത്രീ സ്വയം സഹായ സംഘങ്ങള്‍ക്ക് വന വിഭവങ്ങളുടെ സംഭരണം അവയുടെ വില്‍പ്പന ഇവക്കു പരിശീലനം നല്‍കുന്ന പദ്ധതികളും നിലവിലുണ്ട് . പലിശ രഹിത വിദ്യാഭ്യാസ ലോണും ഗോവ നല്‍കി വരുന്നു. നൂറു ശതമാനവും ബ്രോഡ് ബാന്‍ഡ് ലഭ്യത കൈവരിക്കാനായി എന്നതും വളരെ വലിയ ഒരു നേട്ടമാണ്. ഒപ്പം ഏതാണ്ട് ജനസംഖ്യയുടെ 97% ആളുകളും മൊബൈല്‍ ഫോണും ഉപയോഗിക്കുന്നു.

ഇരുമ്പയിരിന്‍റെ ആവശ്യകത കുതിച്ചുയർന്നതോടെ അനധികൃത ഖനന മാഫിയ സംസ്ഥാനത്തെ മൊത്തത്തില്‍ കൈപ്പിടിയിലാക്കിയിരുന്നു . മൊത്തം വരുമാനത്തിന്‍റെ കാല്‍ ഭാഗവും ജിടിപി യുടെ 21% നല്‍കിയിരുന്ന ഖനികള്‍ തന്നെ ആയിരുന്നു സംസ്ഥാനത്തെ ഏറ്റവും വലിയ തൊഴില്‍ ദാതാക്കളും. ഖനികളുടെ പ്രവര്‍ത്തനത്തില്‍ സുതാര്യത ഉണ്ടാക്കുകയായിരുന്നു ഗവര്‍മെന്‍റ് ആദ്യം ചെയ്തത്. പോര്‍ച്ചുഗീസ് ഭാഷയില്‍ എഴുതിയുണ്ടാക്കിയിരുന്ന പ്രമാണങ്ങള്‍ എല്ലാം ഇംഗ്ലീഷിലേക്ക് മാറ്റുകയായിരുന്നു ആദ്യ പടി . അനധികൃത ഖനനം കണ്ടെത്തുന്നതിനായി ഭൌമ അതിരുകള്‍ മനസിലാക്കുന്നതിനായിരുന്നു ഇത് .

അങ്ങനെ കൃത്യമായി അതിര്‍ത്തികള്‍ തിരിച്ചതോടെ അനധികൃത ഖനനം അസാധ്യമായി . 1200 കോടിക്കും 100000 കോടിക്കും ഇടയില്‍ അഴിമതി നടന്നിരുന്നു എന്ന് കരുതപ്പെട്ടിരുന്ന ഒരു മേഖലയില്‍ അസാധ്യമെന്നു കരുതപ്പെട്ട ഒന്നായിരുന്നു ഇത്. കോടതി ഖനനത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കൂടി ആയപ്പോള്‍ അത് തികച്ചും വിജയമായി. ഖനികളില്‍ നിന്ന് ജോലി നഷ്ടപ്പെട്ട തൊഴിലാളികളുടെ പുനരധിവാസം ആയിരുന്നു അടുത്ത കടമ്പ. തൊട്ടടുത്ത ബജറ്റ് ഈ തൊഴിലാളികളുടെ ക്ഷേമം ലക്ഷ്യമിട്ടുള്ളതായിരുന്നു. ഗവര്‍മെണ്ടിന്‍റെ മുഖ്യ സാമ്പത്തീക സ്രോതസ്സായ ഖനി വരുമാനത്തിലെ വന്‍ ഇടിവ് വളര്‍ച്ചാ നിരക്കിനെ ബാധിച്ചേക്കാം എന്ന് പരക്കെ കരുതപ്പെട്ടെങ്കിലും ഗോവയെ” ക്ലീന്‍ ടൂറിസ്റ്റ് ഡസ്റ്റിനെഷന്‍” ആക്കാനുള്ള പരീക്കറിന്റെ ശ്രമങ്ങളും ടൂറിസത്തില്‍ ശ്രദ്ധ ഊന്നിക്കൊണ്ടുള്ള പുതിയ പദ്ധതികളും കാരണം വളര്‍ച്ചാ നിരക്കില്‍ ഇടിവുണ്ടാകാതെ ഏറ്റവും കാര്യക്ഷമതയുള്ള സംസ്ഥാനമാകാന്‍ ഗോവയ്ക്ക് സാധിച്ചു.

ഭാരതത്തിന്‍റെ ഹൃദയം പേറുന്ന ഗ്രാമങ്ങളുടെ വികസനം സാധ്യമാകാതെ വികസനം അതിന്‍റെ വിശാല അര്‍ത്ഥത്തില്‍ നടപ്പിലാകില്ല. മാതൃകാ ഗ്രാമ പദ്ധതി ഈ ലക്ഷ്യെത്ത്തിലേക്ക് ഗോവയെ എത്തിക്കുന്നു .ഓരോ സാമ്പത്തീക വര്‍ഷവും ഒരുകൂട്ടം ഗ്രാമങ്ങളെയാണ് പദ്ധതി ലക്ഷ്യമാക്കുന്നത്. സ്വയം പര്യാപതങ്ങളായ ഗ്രാമനിര്‍മ്മാണമാണ് ഇതിലൂടെ വിഭാവനം ചെയ്യപ്പെടുന്നത്. തൊഴില്‍ പരിശീലനം , വിഭവശേഷി വര്‍ദ്ധനവ്‌ ,ജലം, ശുചിത്വം , കൃഷി , കന്നുകാലി വളര്‍ത്തല്‍ ഇവയിലൂടെയാണ് ഓരോ ഗ്രാമവും മാതൃകാ ഗ്രാമങ്ങള്‍ ആയി തീരുന്നത്.

വിഭവങ്ങള്‍ കര്‍ഷകര്‍ക്ക് നേരിട്ട് വിറ്റഴിക്കുന്നതിനായി ദേശീയ പാതകളോട് അനുബന്ധിച്ചുള്ള വില്‍പ്പന ശാലകളും ഒരുങ്ങുന്നുണ്ട്. നേത്രാവലി ഗ്രാമം ഈ പദ്ധതിയുടെ ഉജ്ജ്വല മാതൃകയാണ്. ഗ്രാമ നഗര വികസനം , പ്രകൃതി സംരക്ഷണം , ടൂറിസം , മാലിന്യ നിര്‍മാര്‍ജനം , സ്ത്രീ ശാക്തീകരണം എന്നിങ്ങനെ ബഹുമുഖ പദ്ധതികളുടെ ആസൂത്രണം നടപ്പിലാക്കല്‍ , അവയുടെ കൃത്യമായതും അഴിമത കറ പുരളാത്തതുമായ നിര്‍വ്വഹണം ഇവയിലൂടെ ഒരു പരിഷ്കൃത സമൂഹത്തിനുതകുന്ന ഒരു വികസന മാതൃക ശ്രീ മനോഹര്‍ പരീക്കറും അദ്ദേഹത്തിന്‍റെ മന്ത്രിസഭയും പിന്തുടരുന്ന “ഗോവന്‍ മോഡല്‍” മുന്നോട്ടു വച്ചത്.

പരസ്പരം യോജിക്കില്ല എന്ന് കരുതപ്പെട്ട പ്രകൃതി സംരക്ഷണത്തെയും വികസനത്തെയും ഒരേ കുടക്കീഴിലാക്കി ഭരണ നിർവ്വഹണത്തിന്റെ ഉദാത്ത മാതൃകകളിൽ ഒന്ന് സൃഷ്ടിക്കാൻ അദ്ദേഹത്തെ പ്രാപ്തനാക്കിയത് ജനങ്ങളുടെ പ്രശ്നങ്ങൾ മനസിലാക്കി അവരിൽ ഒരാളായി അദ്ദേഹം നയിക്കുന്ന ലളിത ജീവിതം തന്നെയാണ്. ഗാന്ധിജിയുടെയും ദീനദയാൽ ഉപാദ്ധ്യായയുടേയും ഗ്രാമ സ്വാരാജ് സങ്കൽപ്പത്തിൽ ഊന്നിയുള്ള മുന്നേറ്റമാണ് തനിമയാർന്ന ഗോവൻ മാതൃകയിലൂടെ പരീക്കർ നമുക്ക് മുന്നിലേക്ക്‌ വച്ചത് . ക്രീയാത്മക വികേന്ദ്രീകരണവും കൃത്യതയാർന്ന ഇടപെടലും കൊണ്ട് വികസനവും ജനക്ഷേമകരമായ ഭരണനിർവ്വഹണവും ചെറു സംസ്ഥാനങ്ങളിൽ പ്രാവർത്തികമാക്കാം എന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു പരീക്കറിന്റെ ഗോവൻ മാതൃക

7K Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close