ന്യൂഡല്‍ഹി: ജലന്തര്‍ രൂപതയ്ക്ക് കീഴിലെ സ്ഥാപനത്തില്‍ നിന്നും പിടിച്ചെടുത്ത പണത്തില്‍ പോലീസ് തിരിമറി നടത്തിയെന്ന ആരോപണവുമായി ഫാ. ആന്റണി മാടശ്ശേരി. 15 കോടി പിടിച്ചെടുത്തിട്ട് രേഖകളില്‍ 9.66 കോടി മാത്രമാണ് പോലീസ് കാണിച്ചിരിക്കുന്നതെന്നാണ് ഫാദറിന്റെ ആരോപണം. പണത്തിന്റെ കണക്കുകള്‍ മറ്റന്നാള്‍ കോടതിയില്‍ ഹാജരാക്കും.
മൂന്ന് ദിവസം മുന്‍പാണ് ഫ്രാന്‍സിസ്കന്‍ മിഷണറീസിന്റെ ജലന്ധറിലെ ഓഫീസ് കം റസിഡന്‍സില്‍ നിന്നാണ് എന്‍ഫോഴ്സ്മെന്റ് പണം കണ്ടെത്തിയത്. പണം ചാക്കില്‍ കെട്ടിയ നിലയിലായിരുന്നു. പിടിച്ചെടുത്തതില്‍ വ്യാജ കറന്‍സികളും ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പിന് മുന്നോടിയായി ഹവാല പണത്തിന്റെ ഒഴുക്ക് തടയുന്നതിന്റെ ഭാഗമായാണ് എന്‍ഫോഴ്സ്മെന്റ് പരിശോധന നടത്തിയത്.
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ വിശ്വസ്തനാണ് ഫാദര്‍ ആന്റണി മാടശ്ശേരി. മാത്രമല്ല ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ രൂപം കൊടുത്ത ഫാന്‍സിസ്കന്‍ മിഷണറീസ് ഓഫ് ജീസസിന്റെ ഡയറക്ടര്‍ ജനറലുമാണ്. സംഭവവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീയുള്‍പ്പെടെ അഞ്ച് പേരെയും എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയിലെടുത്തിരുന്നു.
അതേസമയം, മിഷണറീസിന്റെ നേതൃത്വത്തില്‍ നവജീവന്‍ സൊസൈറ്റിയും സഹോദയ സുരക്ഷാ ഏജന്‍സിയും പ്രവര്‍ത്തിക്കുന്നതിനാല്‍ ഇതിലേയ്ക്കുള്ള പണമാണ് എന്‍ഫോഴ്സ്മെന്റ് കണ്ടെടുത്തതെന്നാണ് ഫാ. ആന്റണി മാടശ്ശേരി വിശദീകരണം നല്‍കിയിരിക്കുന്നത്.