തിരുവനന്തപുരം: വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ എൻഎസ്എസ് പിന്തുണ സംബന്ധിച്ച് വ്യാജ വാർത്ത പ്രസിദ്ധീകരിച്ചതിന് ഡെക്കാൻ ക്രോണിക്കിൾ ദിനപ്പത്രം, യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂർ ലേഖകൻ എന്നിവർക്കെതിരെ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. പെയ്ഡ് വാർത്തയുടെ ഗണത്തിൽപ്പെടുന്നതാണ് റിപ്പോർട്ടെന്ന് ബിജെപി ചൂണ്ടിക്കാട്ടി.
കുമ്മനം രാജശേഖരന്റെ മുഖ്യ തെരഞ്ഞെടുപ്പ് ഏജന്റ് അഡ്വ എസ് സുരേഷാണ് പരാതി നൽകിയത്. ശശി തരൂരിന് അനുകൂലമായി വ്യാജ വാർത്ത നൽകി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചെന്നും പരാതിയിൽ ഉണ്ട്.
തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിൽ എൻ.എസ്.എസ് കോൺഗ്രസ് സ്ഥാനാർത്ഥി ശശി തരൂരിനു പിന്തുണകൊടുക്കുന്നതായി ഒരു ഇംഗ്ളീഷ് പത്രത്തിൽ വന്ന വാർത്ത തെറ്റാണെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പത്രക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.
ശബരിമല വിഷയം സംബന്ധിച്ച എൻ.എസ്.എസിന്റെ അഭിപ്രായം നേരത്തെ തുറന്നു പറഞ്ഞതാണ്. രാഷ്ട്രീയമായി സമദൂര നിലപാടാണെന്ന കാര്യവും നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. അതിൽ യാതൊരു മാറ്റവുമില്ലെന്നും എൻ.എസ്.എസ് വ്യക്തമാക്കുന്നു