ദോഹ: ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരം പി യു ചിത്ര സ്വര്‍ണ്ണം നേടി. 1500 മീറ്റര്‍ ഓട്ടത്തിലാണ് ചിത്ര ഈ നേട്ടം സ്വന്തമാക്കിയത്.
ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മൂന്നാമത്തെ സ്വര്‍ണ്ണമാണിത്. ഗോമതി മാരിമുത്തു, തേജീന്ദര്‍പാല്‍ സിംഗ് എന്നിവരാണ് നേരത്തെ ഈ നേട്ടം സ്വന്തമാക്കിയത്. 3 സ്വര്‍ണ്ണമടക്കം 16 മെഡലുകളുമായി ഇന്ത്യ മൂന്നാം സ്ഥാനത്താണ്.
4:14.56 സമയം കൊണ്ടാണ് ചിത്ര ഈ നേട്ടം സ്വന്തമാക്കിയത്. എന്നാല്‍ ഈ സീസണിലെ ഏറ്റവും മികച്ച സമയമായ 4:13.58 സെക്കന്‍ഡ് മറികടക്കാന്‍ ചിത്രയ്‌ക്ക് കഴിഞ്ഞില്ല. പതിയെ ഓടിത്തുടങ്ങിയ ചിത്ര അവസാന മൂന്ന് മിനിറ്റില്‍ നടത്തിയ കുതിപ്പ് വഴിയാണ് എതിരാളിയായ ഗാഷോ ടൈഗസ്റ്റിനെ മറികടന്ന് സ്വര്‍ണ്ണം നേടിയത്. ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ സമാപന ദിവസമായിരുന്നു ഇന്ന്.















