കൊച്ചി: മോഹന്‍ലാല്‍ നായകനാകുന്ന രണ്ട് സിനിമകളുടെ പൂജ കൊച്ചിയില്‍ നടന്നു. നവാഗതരായ ജിബി, ജോജു എന്നിവര്‍ സംവിധാനം ചെയ്യുന്ന ഇട്ടിമാണി-മെയ്ഡ് ഇന്‍ ചൈനയുടെയും സിദ്ധിക്ക് സംവിധാനം ചെയ്യുന്ന ബിഗ് ബ്രദറിന്റെയും പൂജയാണ് നടന്നത്.
ഇട്ടിമാണി-മെയ്ഡ് ഇന്‍ ചൈനയുടെ തിരക്കഥ സംവിധായകര്‍ തന്നെയാണ് രചിച്ചിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഹണി റോസാണ് ചിത്രത്തിലെ നായിക. ഹരീഷ് കണാരന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, വിനു മോഹന്‍ എന്നിവര്‍ ചിത്രത്തില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍ എന്ന സിനിമയ്‌ക്കു ശേഷം മോഹന്‍ലാല്‍ നായകനാകുന്ന സിദ്ധിഖ് ചിത്രമാണ് ബിഗ് ബ്രദര്‍. കൊച്ചി പനമ്പള്ളി നഗറിലെ മൈ സ്റ്റുഡിയോയില്‍ വച്ചാണ് മൈ ബ്രദറിന്റെ പൂജ നടന്നത്. വൈശാഖ് സിനിമ, എസ് ടാക്കീസ്, നിക്ക് എന്നീ ബാനറുകളിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബംഗളൂരു, മംഗലുരു എന്നീ സ്ഥലങ്ങളിലാണ് സിനിമയുടെ പ്രധാനലൊക്കേഷനുകള്‍. സിനിമയെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.















