പ്രീമിയം ഹാച്ച് ബാക്ക് വാഹന ശ്രേണിയില്‍ മാരുതിയുടെ തുറുപ്പു ചീട്ടായിരുന്ന ബലേനോ ഇനി മുതല്‍ ടൊയോട്ടയ്ക്ക് സ്വന്തം.ഗ്ലാന്‍സയെന്നാണ് വാഹനത്തിന് പേരിട്ടിരിക്കുന്നത്.ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കളായ മാരുതിയും ജാപ്പനീസ് കമ്പനിയായ ടൊയോട്ടയും തമ്മിലുള്ള പരസ്പര സഹകരണം കൂടുതല്‍ ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായാണ് ഗ്ലാന്‍സ രംഗത്തിറക്കുന്നത്. എന്നാല്‍ ബലേനോക്ക് പുറമേ വിറ്റാര ബ്രെസയേയും ടൊയോട്ടയെ ഏല്‍പ്പിക്കുമ്പോള്‍ പകരം കൊറോള ആള്‍ട്ടിസിനെ മാരുതിയും സ്വന്തമാക്കും.
ബലേനോയുടെ ഡിസൈനിലെ പ്രധാന ആകര്‍ഷണമായിരുന്ന മുന്‍ഭാഗത്തില്‍ മാറ്റം വരുത്തിയാണ് ഗ്ലാന്സയെത്തുന്നത്.മാരുതി ബലേനോയിലെ വലിയ ഗ്രില്ല് ഗ്ലാന്‍സയില്‍ ഇല്ല.എന്നാല്‍ വലിയ എയര്‍ഡാമും സ്പോര്‍ട്ടി ലുക്ക് നല്കുന്ന ബമ്പറും ഗ്ലാന്സയിലുണ്ടാകും.ഡ്യുവല്‍ ബീം ഹെഡ്ലാമ്പും ടൊയോട്ടയുടെ ലോഗോയുമാണ് മറ്റൊരു സവിശേഷത.
വാഹനത്തിന്റെ വശങ്ങളിലും പിന്‍ഭാഗത്തും മാറ്റമില്ല.അടുത്ത കാലത്ത് ബലേനോയില്‍ അവതരിപ്പിച്ച ക്യാബിന് അതേപടി ഗ്ലാന്‍സയിലും നിലനിര്‍ത്തിയിരിക്കുന്നു.ഇന്റീരിയറിലും സീറ്റിന്റെ നിറത്തിലും മാറ്റം പ്രകടമാണ്.
ഡ്യുവല്‍ എയര്‍ബാഗ്, എബിഎസ്,ബ്രേക്ക് അസിസ്റ്റന്റ്,സ്പീഡ് അലേര്‍ട്ട്,ഇബിഡി,റിയര്‍ പാര്‍ക്കിംഗ് സെന്‍സര്‍,സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ എന്നിവ ഗ്ലാന്‍സയുടെ സുരക്ഷയൊരുക്കും.ഇതിന് പുറമേ ടൊയോട്ടയുടെ പ്രത്യേക സംവിധാനങ്ങളായ സ്മാര്‍ട്ട് ഫോണ്‍ ആപ്പ്, റോഡ്സൈഡ് അസിസ്റ്റന്റ് തുടങ്ങി നിരവധി പുതുമകളോടെയാണ് വാഹനം എത്തുന്നത്.
ബിഎസ് 6 ശ്രേണിയിലാണ് വാഹനം അവതരിപ്പിക്കുന്നത്.പെട്രോള്‍ എഞ്ചിനില്‍ മാത്രമായിരിക്കും ഗ്ലാന്‍സ പുറത്തിറങ്ങുക.ഈ വര്‍ഷം ജൂണില്‍ വാഹനം നിരത്തിലിറക്കുമെന്നാണ് റിപ്പോര്‍ട്ട്.