കൊച്ചി: പോസ്റ്റല്‍ ബാലറ്റ് അട്ടിമറിയില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്കിയ ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്. ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തിലാണ് കമ്മീഷന് നിലപാട് വ്യക്തമാക്കിയത്.
ഐജിയുടെ മേല്‍നോട്ടത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ സ്വതന്ത്ര അന്വേഷണത്തിന്റെ ആവശ്യമില്ല. തെരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങിയാല്‍ അവസാനിക്കും വരെ അതില്‍ തടസ്സം ഉണ്ടാകാന്‍ പാടില്ല. തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങളില്‍ ഇടപെടാന്‍ ഹൈക്കോടതിക്ക് അനുമതിയില്ല. ക്രമക്കേട് കണ്ടെത്തിയാല്‍ ഫലം പ്രഖ്യാപിച്ച ശേഷം തെരഞ്ഞെടുപ്പ് ഹര്‍ജി നല്‍കാം. കുറ്റക്കാര്‍ക്കെതിരെ ക്രിമിനല്‍ പ്രോസിക്യൂഷന് നടപടികളുമായി മുന്നോട്ട് പോകാമെന്നും കമ്മീഷന് അറിയിച്ചു.
കേസ് ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും.
പോലീസിലെ പോസ്റ്റല്‍ വോട്ടിലെ ക്രമക്കേടില്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. പോലീസുകാര്‍ക്ക് അനുവദിച്ച മുഴുവന്‍ പോസ്റ്റല്‍ വോട്ടുകളും പിന്‍വലിക്കണമെന്നും വീണ്ടും വോട്ടെടുപ്പ് നടത്താന്‍ അവസരം നല്‍കണമെന്നും ഇതിന് ഹൈക്കോടതി ഇടപെടണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം.
എഡിജിപിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇത് വരെ പുറത്ത് വന്ന എല്ലാ പോസ്റ്റല്‍ വോട്ട് തിരിമറിയിലും തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വതന്ത്ര അന്വേഷണം നടത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. പോസ്റ്റല്‍ വോട്ടുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് പ്രതിപക്ഷനേതാവ് നിയമസഹായം തേടിയത്.